ദേഹാസ്വാസ്ഥ്യം മൂലം എം ശിവശങ്കർ ആശുപത്രിയിൽ

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ റിമാൻഡിൽ ജയിലിൽ കഴിയുന്ന മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലൈഫ് മിഷൻ കള്ളപ്പണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത എം ശിവശങ്കര്‍ റിമാൻഡിൽ എറണാകുളം ജില്ലാ ജയിലിൽ ആയിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ശിവശങ്കറിന്‍റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റേയും സ്വപ്ന സുരേഷിന്‍റെയും പേരിലുള്ള ലോക്കറിൽനിന്ന് ഒരു കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെടുത്തു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇത് ശിവശങ്കറിനുള്ള കോഴപ്പണമാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകി.എന്നാൽ ചോദ്യം ചെയ്യലിന്‍റെ ഒരു ഘട്ടത്തിലും ശിവശങ്കർ അന്വേഷണത്തോട് സഹകരിച്ചില്ല.ഈ മാസം 21 വരെയാണ് എം ശിവശങ്കറിന്റെ റിമാൻഡ് കാലാവധി. .

നാല് കോടി 48 ലക്ഷം രൂപ കോഴ നൽകിയെന്ന് യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നു.തൃശൂര്‍ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നും കമ്മീഷനായി വാങ്ങിയ 4.5 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്.യുഎഇയുടെ സഹായത്തോടെ നിർധനർക്കായി ഫ്ലാറ്റ് നിർമ്മിക്കുന്നതിനുള്ള കരാർ യൂണിടാക്കിന് ലഭിക്കുന്നതിനായി കോഴ വാങ്ങി എന്നാണ് ശിവസങ്കറിനെതിരായ കേസ്.