ഐശ്വര്യ രജനീകാന്തിന്‍റെ വീട്ടിലെ ജോലിക്കാരിയും ഭർത്താവും അറസ്റ്റിൽ

ചെന്നൈ : ഐശ്വര്യ രജനീകാന്തിന്റെ വീട്ടിൽ മോഷണം നടത്തിയ കേസിൽ ഐശ്വര്യയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന 40 കാരിയായ ഈശ്വരി എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.വിശദമായി ചോദ്യം ചെയ്തിട്ടും വ്യക്തമായ ഉത്തരങ്ങളൊന്നും നൽകാതിരുന്ന ഇവർ പോലീസ് സാഹചര്യ തെളിവുകളും മറ്റും ഹാജരാക്കിയപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തിന്റെ ചെന്നൈയിലെ വീട്ടിലാണ് മോഷണം നടന്നത്.സ്വർണാഭരണങ്ങളും രത്‌നങ്ങളും വജ്രവും അടക്കം ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ കാണാതായെന്നാണ് ഐശ്വര്യ പരാതി നൽകിയിരുന്നത്.ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങൾ കാണാതയതിൽ മൂന്ന് ജോലിക്കാരെ സംശയം ഉള്ളതായി ഐശ്വര്യ പോലീസിൽ പറഞ്ഞിരുന്നു.

ഐശ്വര്യ സ്ഥിരമായി വീട്ടിൽ ഉണ്ടാകാറില്ല. ജോലിക്കാരാണ് വീട്ടിലെ മറ്റ് കാര്യങ്ങൾ നോക്കിയിരുന്നത്. ആഭരണങ്ങൾ സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ എവിടെയാണെന്നുള്ളത് ജീവനക്കാർക്ക് അറിയാമായിരുന്നുവെന്നാണ് റിപ്പോർട്ട്.പിടിയിലായ ജോലിക്കാരി ഈശ്വരിയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ഇവർ ഇടയ്ക്കിടെ വൻ തുകയുടെ ഇടപാടുകൾ നടത്തിയതായി പോലീസ് കണ്ടെത്തി.

ഈശ്വരിയെയും ഭർത്താവിനെയും വിശദമായി ചോദ്യം ചെയ്യലിനായി തേനാംപേട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.2019 മുതൽ മോഷണം നടത്തി വരികയായിരുന്നു ഇവർ. 60 പവന്റെ ആഭരണങ്ങൾ പലപ്പോഴായി മോഷ്ടിച്ച് പണമാക്കി മാറ്റിയതായി ഇവർ സമ്മതിച്ചതായാണ് റിപ്പോർട്ട്.

വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ലാൽ സലാം എന്ന സിനിമയുടെ തിരക്കിലാണ് ഐശ്വര്യ. അതിഥി താരമായി രജനികാന്തെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്