സിപിഐ,തൃണമൂൽ,എൻ സി പി ഇനിമുതൽ സംസ്ഥാനതല പാർട്ടികൾ,കെജ്‌രിവാളിന്‍റെ ആം ആദ്‌മി പാർട്ടിയെ ദേശീയ പാർട്ടിയായി തിരഞ്ഞെടുത്തു തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂ ഡൽഹി : രാജ്യത്തെ 3 രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ പദവി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി.  സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാർട്ടികൾക്ക് ദേശീയ പദവി നഷ്ടമായി.ബംഗാളിലെ സംസ്ഥാന പാർട്ടി പദവിയും കൂടി നഷ്ടപ്പെട്ട സിപിഐ കേരളത്തിലും തമിഴ്നാട്ടിലും മണിപ്പൂരിലും മാത്രമായി ഒതുങ്ങി.

ഡൽഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ആം ആദ്മി പാർട്ടിയെ ദേശീയ പാർട്ടിയായി തിരഞ്ഞെടുത്തു.രണ്ട് പാർലമെന്ററി തിരഞ്ഞെടുപ്പുകളിലും 21 നിയമസഭാ തിരഞ്ഞെടുപ്പുകളിലും അവസരങ്ങൾ നൽകിയതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

വന്‍ രാഷ്ട്രീയ തിരിച്ചടികള്‍ നേരിടുന്ന ആം ആദ്‌മി പാര്‍ട്ടിയ്ക്ക് വലിയ ആശ്വാസമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ പദവി തീരുമാനം. ഡൽഹിയിലും പഞ്ചാബിലുമാണ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി അധികാരത്തിലുള്ളത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ നാഗാലാൻഡിലും മേഘാലയയിലും എൻസിപിയെയും ടിഎംസിയെയും സംസ്ഥാന പാർട്ടികളായി അംഗീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

“ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ദേശീയ പാർട്ടി? ഇത് ഒരു അത്ഭുതത്തിൽ കുറവല്ല. എല്ലാവർക്കും അഭിനന്ദനങ്ങൾ, കേജ്‌രിവാൾ പ്രതികരിച്ചു.