മീൻ വാങ്ങാനുള്ള 32,000 രൂപ അടിച്ചുമാറ്റി പൊലീസുകാരൻ; എസ്ഐക്ക് നൽകാനെന്ന പേരിലും പിരിവ്

തൊടുപുഴ ∙ പൊലീസ് സ്റ്റേഷൻ മെസ്സിലേക്കു മീൻ വാങ്ങാൻ നൽകിയ പണം പൊലീസ് ഉദ്യോഗസ്ഥൻ തട്ടിയെടുത്തു. ഒട്ടേറെ നടപടികൾ നേരിട്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ സഹപ്രവർത്തകർ പരാതിക്കൊരുങ്ങി.

ഹൈറേഞ്ചിലെ ഒരു പൊലീസ് സ്റ്റേഷനിലാണു സംഭവം. ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം മെസ്സിലാണ് ഉണ്ടാക്കുന്നത്. എല്ലാ മാസവും ഭക്ഷണത്തിനാവശ്യമായ പണം പൊലീസുകാർ സമാഹരിച്ച്, നടത്തിപ്പുകാരനായ ഉദ്യോഗസ്ഥനു നൽകാറാണു പതിവ്.മീൻ വാങ്ങാനായി നൽകിയിരുന്ന പണം 6 മാസമായി പൊലീസ് ഉദ്യോഗസ്ഥൻ മീൻ കച്ചവടക്കാരനു കൈമാറിയില്ല. ഒടുവിൽ മീൻ കച്ചവടക്കാരൻ സംഭവം പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. 32,000 രൂപയാണ് മീൻ കച്ചവടക്കാരനു നൽകാനുണ്ടായിരുന്നത്.

സംഭവം പുറത്തായതോടെ, ആരോപണവിധേയനായ ഉദ്യോഗസ്ഥൻ 16,000 രൂപയോളം കച്ചവടക്കാരനു നൽകി വിഷയം തണുപ്പിച്ചു. എസ്ഐക്കു നൽകാനെന്ന പേരിൽ പണപ്പിരിവ് നടത്തിയതിനു നേരത്തേ നടപടി നേരിട്ട ഉദ്യോഗസ്ഥൻ തന്നെയാണു മീൻ വാങ്ങലിലും തട്ടിപ്പു നടത്തിയത്.