വികസിതരാജ്യങ്ങളിലേതിന് സമാനം,വാട്ടർ മെട്രോ വൻ വിജയം

കൊച്ചി: കൊച്ചി മെട്രോ സർവീസ് യാത്രക്കാരുടെ എണ്ണത്തിൽ ദിനംപ്രതി വലിയ വർധനവാണ് ഉണ്ടാകുന്നത്. അഞ്ചാം ദിവസം പ്രതിദിന യാത്രക്കാരുടെ എണ്ണം 11,000 കടന്നു. യാത്രക്കാരുടെ എണ്ണം ദിനവും വർധിക്കുകയാണ്.ആദ്യ ദിനം 6559 പേരും രണ്ടാം ദിനം 7117 പേരും മൂന്നാം ദിനം . 7922 പേരും നാലാം ദിനത്തിൽ 8415 പേരും അഞ്ചാം ദിനത്തിൽ 11556 പേരുമാണ് വാട്ടർ മെട്രോയിൽ സഞ്ചരിച്ചത്.

പൂർണമായും സുരക്ഷിതവും വികസിതരാജ്യങ്ങളിലേതിന് സമാനമായ യാത്ര ഉറപ്പ് നൽകുകയും ചെയ്യുന്ന കൊച്ചി വാട്ടർമെട്രോ റെക്കോർഡ് തീർത്തിരിക്കുന്നു.ആദ്യദിനത്തിൽ 6559 പേരാണ് യാത്ര ചെയ്തതെങ്കിൽ ആറാമത് ദിവസമായപ്പോഴേക്കും അതിന്റെ ഇരട്ടിയോളം പേർ യാത്ര ചെയ്തുവെന്ന കണക്കാണ് പുറത്ത് വരുന്നത്. വാട്ടർ മെട്രോ കൊച്ചിയും കേരളവും ഇതിനോടകം തന്നെ ഏറ്റെടുത്തെന്ന് ഉറപ്പിക്കുന്നതാണ് ഓരോ ദിവസവും വർധിച്ചുവരുന്ന ഈ കണക്കുകൾ.

ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഓൺലൈനായാണ് വാട്ടർ മെട്രോ സർവീസ് നാടിന് സമർപ്പിച്ചത്. രാജ്യത്തെ ആദ്യ വാട്ടർ മെട്രോയാണ് ഏപ്രിൽ 26ന് കൊച്ചിയിൽ യാഥാർത്ഥ്യമായത്. മികച്ച കണക്‌ടിവിറ്റിയും ചിലവ് കുറഞ്ഞ പെട്ടെന്നുള്ള യാത്രയും വാട്ടർമെട്രോയിലേക്ക് കൂടുതലാളുകളെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.വിശാലമായ പാർക്കിങ് സൗകര്യത്തിനൊപ്പം യാത്രക്കാർക്ക് വേണ്ടി കെഎസ്‌ആർടിസിയുടെ ഫീഡർ സർവീസുകളും വാട്ടർ മെട്രോ സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്. ലോകത്തിന് മുന്നിൽ കേരളത്തിൻ്റെ മുന്നേറ്റം വ്യക്തമാക്കുന്ന മറ്റൊരു നാഴികക്കല്ലായി കൊച്ചി വാട്ടർ മെട്രോ മാറുകയാണ്.