വേദിയിൽ കുഴഞ്ഞുവീണ പ്രശസ്ത സംവിധായകൻ എം മോഹനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകൻ എം മോഹൻ വേദിയിൽ കുഴഞ്ഞുവീണു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.ചലച്ചിത്ര അക്കാദമി നിർമിച്ച് കെ ജയകുമാർ സംവിധാനം ചെയ്ത ‘എം.കൃഷ്ണൻ നായർ-എ ലൈഫ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്’ ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടന വേദിയിലായിരുന്നു സംഭവം.

തൈക്കാട് ഗണേശത്തിൽ നടന്ന പ്രകാശനച്ചടങ്ങിൽ പ്രസംഗം കഴിഞ്ഞ് തിരികെ കസേരയിലേക്ക് മടങ്ങിയ മോഹന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയായിരുന്നു. സ്റ്റേജിൽനിന്ന് കസേരയോടെ താഴെയിറക്കി, ചലച്ചിത്ര അക്കാദമിയുടെ വാഹനത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് രാത്രി തീവ്രപരിചരണ വിഭാഗത്തിൽനിന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.

ശാലിനി എന്റെ കൂട്ടുകാരി, വിടപറയുംമുൻപേ, പക്ഷേ, ഇസബെല്ല, ഇടവേള തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ മോഹൻ ഇരിങ്ങാലക്കുട സ്വദേശിയാണ്.