കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടറുടെ മുഖത്തടിച്ചു,പ്രതിയെ അറസ്റ് ചെയ്തു

കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജിൽ ഡോക്ടര്‍ക്കു നേരെ ആക്രമണം. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ഡോക്ടറെ കൈയേറ്റം ചെയ്ത വട്ടക്കുന്ന് സ്വദേശി ഡോയലിനെ പോലീസ് അറസ്റ്റ് ചെയ്തു. ചികിത്സ നൽകുന്നതിനിടെ ഇയാൾ ഡോക്ടറുടെ മുഖത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സക്കായി മെഡിക്കൽ കോളേജിൽ എത്തിയതായിരുന്നു അറസ്റ്റിലായ ഡോയൽ. മദ്യലഹരിയിലായിരുന്ന ഡോയലിനെ അപകടമുണ്ടായതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയിൽ ആശുപത്രി സംരക്ഷണ നിയമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആക്രമണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ഡോയലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഡോ. വന്ദനദാസിന്റെ മരണത്തോടെ ഡോക്ടര്‍മാര്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടിയെടുക്കാൻ സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിയിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടി.