സാരംഗ് ജീവിക്കും,കണ്ണും കരളും ഹൃദയവും മാറ്റിവെച്ചവരിലൂടെ

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷഫലം വരുന്നതിന് തൊട്ടുമുമ്പ് മരണത്തിന് കീഴടങ്ങിയ ആറ്റിങ്ങല്‍ സ്വദേശി സാരംഗ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കില്ലാതെ തന്നെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. 122913 ആയിരുന്നു സാരംഗിന്‍റെ രജിസ്‌ട്രേഷന്‍ നമ്പര്‍.

തിരുവനന്തപുരം ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥി ആയിരുന്ന സാരംഗ് ഇക്കഴിഞ്ഞ ആറാം തീയതിയാണ് അപകടത്തില്‍പെട്ടത്.അമ്മയ്‌ക്കൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവെ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിന് സമീപത്തുവെച്ച് അപകടത്തില്‍പെടുകയായിരുന്നു.ഫലം പുറത്തു വരുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് സാരംഗ് മരണത്തിന് കീഴടങ്ങിയത്.

ഫുട്ബാള്‍ താരമായിരുന്നു സാരംഗ്. കേരള ബ്ലാസ്റ്റേഴ്‌സ് ആറ്റിങ്ങല്‍ മാമത്തു നടത്തുന്ന ഫുട്‌ബോള്‍ പരിശീലനത്തില്‍ പങ്കെടുക്കുകയായിരുന്ന സാരംഗിനു ഫുട്‌ബോള്‍ താരമാകാനായിരുന്നു ആഗ്രഹം. ഫുട്‌ബോള്‍ കളിക്കാനുള്ള ബൂട്ട് വാങ്ങണമെന്ന ആഗ്രഹം ആശുപത്രിയില്‍ സാരംഗ് പങ്കുവച്ചിരുന്നു.പഠിക്കാന്‍ മിടുക്കനായിരുന്ന സാരംഗിന് പഠനത്തിനൊപ്പം ഫുട്ബാളിലും താല്‍പര്യം ഉണ്ടായിരുന്നതായി അധ്യാപകര്‍ പറയുന്നു.

വിദേശത്തുള്ള ബന്ധു വാങ്ങി നല്‍കിയ ഫുട്ബാള്‍ ജഴ്‌സി അണിഞ്ഞാണ് സാരംഗിന്റെ ശരീരം സ്‌കൂളിലും വീട്ടിലും എത്തിച്ചത്.കരവാരം വഞ്ചിയൂര്‍ നടക്കാപറമ്പ് നികുഞ്ജത്തില്‍ ബനീഷ് കുമാറിന്‍റെയും രജനിയുടെയും മകനാണ് സാരംഗ്.

മകന്‍ മരിച്ച വേദനയിലും ആറു പേര്‍ക്ക് ജീവന്‍ നല്‍കാന്‍ സാരംഗിന്‍റെ മാതാപിതാക്കള്‍ തയ്യാറായി. സാരംഗിന്‍റെ കണ്ണുകള്‍, കരള്‍, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങള്‍ ദാനം നല്‍കാനാണ് മാതാപിതാക്കള്‍ സമ്മതം അറിയിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം സ്വദേശിയായ കുട്ടിക്ക് ഹൃദയം കൈമാറിയിരുന്നു.

എസ്.എസ്.എല്‍.സി. ഫലം പ്രഖ്യാപിച്ചു കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍
വിതുമ്പിക്കൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സാരംഗിന്‍റെ വിജയം എടുത്തുപറഞ്ഞത്. ദുഃഖത്തിനിടയിലും അവയവദാനം നടത്താന്‍ സാരംഗിന്‍റെ കുടുംബം സന്നദ്ധരായി. ആറു പേര്‍ക്കാണ് അവയവങ്ങള്‍ ദാനം ചെയ്തത്. കുടുംബത്തിന്‍റെ സന്നദ്ധതയെ അഭിനന്ദിക്കുന്നു. അവരുടെ ദുഖത്തില്‍ പങ്കുചേരുന്നെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.