മുംബൈ ഇന്ത്യൻസിനെ 62 റൺസിനു പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ

അഹമ്മദാബാദ്: അഞ്ചുതവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ 62 റൺസിനു പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ കടന്നു. തുടർച്ചയായ രണ്ടാം തവണയാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ഐപിഎൽ ഫൈനലിൽ പ്രവേശിക്കുന്നത്. ഇതേ വേദിയി‍ൽ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ ഗുജറാത്ത് ടൈറ്റൻസ് നേരിടും.

ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഗില്ലിന്റെ സെഞ്ചുറിക്കരുത്തിൽ ഗുജറാത്ത് ടൈറ്റൻസ് വിജയിച്ചതോടെയാണ് മുംബൈയ്ക്ക് പ്ലേഓഫിലേക്ക് വാതിൽ തുറന്നത്. മുംബൈ ബൗളർമാരെ ഗില്ല് തല്ലിയൊതുക്കി. 60 പന്തിൽ 10 സിക്സറുകളുടെയും 7 ഫോറിന്റെ അകടമ്പടിയോടെയാണ് ഗിൽ 129 റൺസെടുത്തത്.

ഐപിഎൽ സീസണിലെ മൂന്നാം സെഞ്ചറിയാണ് ഗിൽ തികച്ചത്. ഒരു ഐപിഎൽ സീസണിൽ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരങ്ങളിൽ മൂന്നാം സ്ഥാനത്തെത്തി ഗിൽ. 2016ൽ കോഹ്ലിയും 2022ൽ ജോസ് ബട്‌ലറും നാല് സെ‍ഞ്ചുറികൾ വീതം നേടിയിരുന്നു. ഐപിഎൽ പ്ലേ ഓഫിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ താരമാണ് ശുഭ്മാൻ ഗിൽ. 24 വയസ്സുള്ള ഗിൽ ഈ നാഴികക്കല്ല് പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്. 49 പന്തിൽ സെഞ്ചുറി തികച്ച ഗിൽ, പ്ലേഓഫിലെ വേഗതയേറിയ സെഞ്ചുറിയുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു.

ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനം തെറ്റായിരുന്നെന്നു തെളിയിക്കുന്നതായിരുന്നു ഗുജറാത്തിന്റെ ബാറ്റിങ്. ഒന്നാം വിക്കറ്റിൽ വൃദ്ധിമാൻ സാഹയും (16 പന്തിൽ 18) ഗില്ലും ചേർന്ന് 54 റൺസാണ് കൂട്ടിച്ചേർത്തത്. പവർപ്ലേ ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 50 റൺസെന്ന നിലയിലായിരുന്നു ഗുജറാത്ത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (13 പന്തിൽ 28*), റാഷിദ് ഖാൻ (2 പന്തിൽ 5*) എന്നിവർ പുറത്താകാതെ നിന്നു. മഴ മൂലം അരമണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത് .

ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറി കരുത്തിൽ ഗുജറാത്ത് ഉയർത്തിയ 234 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 18.2 ഓവറിൽ 171 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു. 2.2 വെറും 10 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമയാണ് മുംബൈയുടെ ഫൈനൽ പ്രതീക്ഷകൾ തകർത്തത്. മറുപടി ബാറ്റിങ്ങിൽ, സൂര്യകുമാർ യാദവ് (38 പന്തിൽ 61), തിലക് വർമ (14 പന്തിൽ 43), കാമറൂൺ ഗ്രീൻ (20 പന്തിൽ 30) എന്നിവർ പൊരുതിയെങ്കിലും മറ്റു ബാറ്റർമാർക്ക് ആർക്കും രണ്ടക്കം കടക്കാനായില്ല.