പോക്സോ കേസിലെ പ്രതിയെ ലൈംഗികമായി പീഡിപ്പിച്ച സിഐയെ പിരിച്ചു വിടാൻ ഉത്തരവ്

തിരുവനന്തപുരം: പോക്സോ കേസിലെ പ്രതിയെ ലൈംഗികമായി പീഡിപ്പിച്ച അയിരൂർ എസ്‌എച്ച്‌ഒ ആയിരുന്ന ജയസനലിനെ സർവ്വീസിൽ നിന്നും പിരിച്ചു വിടാൻ നോട്ടീസ് നൽകി. സമൂഹമാധ്യമം വഴി പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവാണ് സിഐക്കെതിരെ പരാതി നൽകിയത്.നിരവധി കേസുകളിലെ പ്രതിയായ സിഐ ജയസനിലിനോട് ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദ്ദേശം.

പോക്‌സോ കേസിനു പിന്നാലെ ഗൾഫിൽ പോയ പ്രതിയെ സിഐ ജയസനിൽ നാട്ടിലേക്ക് വിളിച്ചു വരുത്തി. സഹകരിച്ചാൽ കേസിൽ നിന്നും ഒഴിവാക്കാമെന്നും തന്റെ ചില താൽപര്യങ്ങൾ പരിഗണിക്കണമെന്നും സിഐ ജയസനിൽ സ്റ്റേഷനിലെത്തിയ പ്രതിയോട് പറഞ്ഞു. പ്രതിയെ സിഐ തന്റെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി അവിടെ വച്ച് പീഡിപ്പിച്ചുവെന്നും കേസ് അവസാനിപ്പിക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് കേസ്.

ഇതെല്ലം കഴിഞ്ഞു സിഐ ജയസനില്‍ വാക്കു പാലിക്കാതെ പോക്സോ കേസ് ചുമത്തി യുവാവിനെ ജയിലില്‍ അടച്ചു. ജാമ്യഹര്‍ജിയുടെ ഭാഗമായി കോടതിയില്‍ പോക്സോ കേസ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാൾ ഇക്കാര്യം കോടതിയെ അറിയിച്ചു. കോടതിയിൽ നിന്ന് ജാമ്യം കിട്ടിയതിന് പിന്നാലെ അയിരൂര്‍ സ്റ്റേഷനിലെത്തി ഇയാള്‍ സിഐക്കെതിരെ പീഡനത്തിന് പരാതി നല്‍കി

സിഐ ജയസനിൽ ആരോപണവിധേയമായി സസ്പെൻഷനിലുമായതിനു പുറകെയാണ് യുവാവിന്റെ പരാതിയും പുറത്തുവന്നത്. സിഐ തന്നെ പീഡിപ്പിച്ച വിവരം ഭാര്യയോട് നേരത്തെ തന്നെ യുവാവ് വെളിപ്പെടുത്തിയിരുന്നു.