കാടും മേടും കടന്ന് തമിഴ്‌നാട്ടിലെ കമ്പം ടൗണിലെത്തി അരിക്കൊമ്പൻ,

കുമളി: കാടും മേടും കടന്ന് അരിക്കൊമ്പൻ കുമളിക്കു സമീപം തമിഴ്‌നാട്ടിലെ കമ്പം ടൗണിലെത്തി. നാട്ടുകാർ ബഹളം വയ്ക്കുമ്പോൾ കമ്പം ടൗണിലെ റോഡിലൂടെ അരിക്കൊമ്പൻ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന എടുത്തെറിഞ്ഞതിൽ മൂന്നു പേർക്ക് പരുക്കേറ്റു. ഒരാള‍ുടെ നില ഗുരുതരമാണ്.

റോഡിന് സമാന്തരമായി തെങ്ങിന്‍തോപ്പുകളിലൂടെ കമ്പംമേട്ട് ഭാഗത്തേക്കാണു അരിക്കൊമ്പന്റെ നീക്കം. ചിന്നക്കനാലിൽ നിന്നാണ് ഏപ്രിൽ 29ന് മയക്കുവെടിവച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ മേതകാനത്തിന് സമീപം ആനയെ കൊണ്ടുവിട്ടത്. ഇന്നലെ വരെ ചിന്നക്കനാൽ മേഖലയിലേക്ക് അരിക്കൊമ്പൻ സഞ്ചരിക്കുന്നതായാണ് വ്യക്തമായിരുന്നത്. കൃഷി സ്ഥലങ്ങൾ ഏറെയുള്ള ഭാഗമാണ് കമ്പം.രണ്ടാഴ്ച മുമ്പ് മേതകാനത്തുനിന്ന് തമിഴ്‌നാട്ടിലെ മേഘമലയിൽ എത്തിയ ആന അവിടെ നിന്ന് തിരിച്ച് മേതകാനത്തു വന്നതും സഞ്ചരിച്ച അതേ വഴിയിലൂടെത്തന്നെയായിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്നുള്ള റോസാപ്പൂക്കണ്ടം, ഗാന്ധിനഗർ കോളനി ഭാഗങ്ങളിൽ എത്തിയത്. വനപാലകരുടെ സംഘം ശബ്ദമുണ്ടാക്കി ഗാന്ധിനഗർ കോളനിയിൽ നിന്ന് ഓടിച്ചപ്പോൾ ആന റോസാപ്പൂക്കണ്ടം ഭാഗത്തേക്കു മാറി. ഇവിടെ നിന്നു തുരത്താൻ ശ്രമിച്ചപ്പോൾ വനംവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള വനപാലക സംഘത്തിന് നേരെ ചിന്നം വിളിച്ചെത്തി. ഓടി മാറിയ വനപാലകർ പല തവണ ആകാശത്തേക്കു വെടിയുതിർത്തെങ്കിലും തിരിച്ചുപോകാൻ അരിക്കൊമ്പൻ കൂട്ടാക്കിയില്ല. പിന്നീടും പല റൗണ്ട് നിറയൊഴിച്ചും ബഹളംവച്ചുമാണ് ആനയെ കാടുകയറ്റിയത്.

റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കൺട്രോൾ റൂമിൽ ലഭിക്കാൻ വൈകുന്നതുമൂലം ആനയുടെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ വരുന്നുണ്ട്. സിഗ്നൽ ലഭിക്കുമ്പോഴേക്കും ആന മറ്റൊരു സ്ഥലത്ത് എത്തിയിരിക്കും.വ്യാഴാഴ്ച ഉച്ചയ്ക്ക് തേക്കടിയിൽ നെല്ലിക്കാംപെട്ടി ഭാഗത്ത് നിന്നാണ് സിഗ്നൽ ലഭിച്ചത്. അഞ്ചുമണിയോടെ കരടിക്കവല ഭാഗത്ത് എത്തിയതായി സിഗ്നൽ ലഭിച്ചു. ഇവിടെ നിന്ന് ജനവാസ മേഖലയിൽ കടക്കാതിരിക്കാൻ വനം വകുപ്പ് ശ്രമം നടത്തിയെങ്കിലും അതെല്ലാം മറികടന്നാണ് ആന കുമളിക്കു സമീപം എത്തിയത്.

ചിന്നക്കനാലിൽ നിന്നു കുമളിയിലേക്കുള്ള ദൂരം 83 കിലോമീറ്ററാണ് . അരിക്കൊമ്പൻ ഇപ്പോൾ നിലയുറപ്പിച്ചിട്ടുള്ള പ്രദേശത്തു നിന്ന് പശ്ചിമഘട്ടത്തിലൂടെ യാത്ര ചെയ്താൽ ചിന്നക്കനാലിലെത്താൻ 100 കിലോമീറ്ററെങ്കിലും സഞ്ചരിക്കണം. ആനയുടെ ഇപ്പോഴത്തെ സഞ്ചാരപാതയിലൂടെ മുന്നോട്ട് നീങ്ങിയാൽ കമ്പംമെട്ടും രാമക്കൽമേടും പിന്നിട്ട് മതികെട്ടാൻ ചോലയിലും ചിന്നക്കനാലിലും എത്താം.