മൊബൈൽ നമ്പറിലേക്ക് എസ്എംഎസും നോട്ടീസ് വീട്ടിലും ഇന്നുമുതൽ

തിരുവനന്തപുരം: എ ഐ ക്യാമറകൾ പ്രവർത്തനം തുടങ്ങിയതോടെ നിയമലംഘനങ്ങൾ ഗണ്യമായി കുറഞ്ഞത് ശുഭസൂചനയാണെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.തിങ്കളാഴ്ച രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ കുടുങ്ങിയത് 38,520 പേർ. ഏറ്റവും കുറവ് മലപ്പുറത്തും കൂടുതൽ കൊല്ലത്തുമാണ്.

726 ക്യാമറകളിൽ 692 എണ്ണമാണ് തിങ്കളാഴ്ച മുതൽ പ്രവർത്തിച്ചുതുടങ്ങിയത്. ഇന്നലെ കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് ഇന്ന മുതൽ നോട്ടീസ് അയക്കും. ഉടമയുടെ മൊബൈൽ നമ്പറിലേക്ക് എസ്എംഎസും ലഭിക്കും. കെൽട്രോണിന്റെ ജീവനക്കാരാണ് നിയമലംഘനങ്ങൾ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നത്. നിയമലംഘനത്തിന്റെ ചിത്രം പരിശോധിച്ചശേഷം ഉദ്യോഗസ്ഥർ പിഴ ചുമത്തും.

250 രൂപ മുതൽ 3000 രൂപവരെയാണ് പിഴ ഈടാക്കുന്നത്.  ഹെൽമറ്റ്, സീറ്റ് ബെൽറ്റ്,
സിഗ്നൽ ലംഘനം,ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം,
ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം യാത്രക്കാർ, നോ പാർക്കിങ്, അമിതവേഗം എന്നിവയാണ് ക്യാമറകൾ വഴി കണ്ടെത്തി പിഴ ഈടാക്കുന്നത്. 12 വയസിൽ താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനത്തിലെ മൂന്നാമത്തെ യാത്രക്കാരനായി കണക്കാക്കി പിഴ ഈടാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഹെൽമറ്റ് ഉപയോഗത്തിന് ഇളവ് അനുവദിച്ചിട്ടില്ല. നാലു വയസിന് മുകളിലുള്ള കുട്ടികളാണെങ്കിൽ ഹെൽമറ്റ് നിർബന്ധമാണ്.