അറബിക്കടലിലെ ന്യൂനമർദം 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാകാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദം 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ള സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടൽ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ കേരള തീരത്തു നിന്ന് മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല.

തെക്ക് കിഴക്കൻ അറബിക്കടലിലെ തീവ്ര ന്യുന മർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ വടക്ക് ദിശയിൽ സഞ്ചരിച്ചു മധ്യ കിഴക്കൻ അറബികടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 6, 7 തീയതികളിൽ കേരളതീരങ്ങളിൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.