ഇന്ത്യയെ ലോകത്തിനു കാണിച്ചു കൊടുക്കാൻ എത്തി; വിദേശ യൂട്യൂബർക്ക് നേരെ ആക്രമണം

ബെംഗളൂരു∙ ഇന്ത്യയെ ലോകത്തിനു കാണിച്ചു കൊടുക്കാൻ എത്തിയ വിദേശ യൂട്യൂബർക്കു നേരെ ആക്രമണം. ബെംഗളൂരു ചിക്കപേട്ട് ചോർ ബസാറിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. മാർക്കറ്റിനെ കുറിച്ച് വിഡിയോ ചെയ്യുന്നതിനിടെ കച്ചവടക്കാരൻ പ്രകോപനം ഇല്ലാതെ യൂട്യൂബറെ മർദിക്കുകയായിരുന്നു.

‘കം ടു ഇന്ത്യ ബ്രോ’ എന്ന പേരിൽ വ്ലോഗുകൾ ചെയ്യുന്ന ഡച്ച് യുട്യൂബര്‍ പെഡ്രോ മോത്തയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിരക്കേറിയ ചോർ ബസാറിലെ വിശേഷങ്ങൾ പങ്കു വയ്ക്കുകയായിരുന്നു പെഡ്രോ. ഇതിനിടെയാണ് തെരുവ് കച്ചവടക്കാരനായ നവാബ് ഹയാത്ത് ഷെരീഫ് ആക്രമിച്ചത്. കുശലം പറയാൻ എന്ന നാട്യത്തിൽ എത്തിയ നവാബ് വിഡിയോ ചിത്രീകരിക്കുന്നത് തടയാൻ‍ ശ്രമിക്കുകയും പെഡ്രോയുടെ കൈ പിടിച്ച് തിരിക്കുകയയുംഅപ്രതീക്ഷിത സംഭവത്തിൽ പകച്ചുപോയ പെഡ്രോ പെട്ടെന്നുതന്നെ സ്ഥലംവിട്ടു. യുട്യൂബ് ചാനലിലൂടെ പെഡ്രോ തന്നെ ദൃശ്യങ്ങൾ പങ്കുവച്ചതോടെയാണു വിവരം പുറത്തറിഞ്ഞത്. എന്തിനാണ് ആക്രമിച്ചതെന്ന കാര്യം വ്യക്തമല്ല. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ചിക്കപേട്ട് പൊലീസ് കേസെടുത്തു. ഒരാഴ്ചയായി നഗരത്തിലുളള്ള പെഡ്രോയെ കണ്ടെത്തി മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.