ട്രാക്ക് മാറി കയറി, വീണ്ടും വെട്ടിച്ചു: വേഗത്തിൽവന്ന ആംബുലൻസ് ഇടിച്ചു തെറിപ്പിച്ചു

തൃശൂർ∙ എറവിൽ ആംബുലൻസുമായി കൂട്ടിയിടിച്ച് ഓട്ടോ ടാക്സി ഡ്രൈവർ മരിച്ച സംഭവത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മകനെ ഡോക്ടറെ കാണിച്ച് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോ ടാക്സി അപകടത്തിൽപ്പെട്ടാണ് ഗൃഹനാഥൻ ജിതിൻ മരിച്ചത്. ജിതിന്‍റെ ഭാര്യ നീതു, മകന്‍ മൂന്നുവയസുകാരന്‍ അദ്രിനാഥ്, നീതുവിന്‍റെ അച്ഛന്‍ കണ്ണന്‍ എന്നിവര്‍ക്കു ഗുരുതര പരുക്ക്.

ഓട്ടോ ടാക്സിയും ആംബുലൻസും നേർക്കുനേർ കൂട്ടിയിടിക്കുന്നതാണു ദൃശ്യങ്ങളിൽ കാണുന്നത്. ആംബുലൻസിന്റെ ട്രാക്കിലേക്ക് ഓട്ടോ ടാക്സി കയറുകയും ഒന്നു വെട്ടിക്കാൻ ശ്രമിച്ചപ്പോൾ വേഗത്തിൽ എത്തിയ ആംബുലൻസ് ഇടിച്ചു കയറുന്നതുമാണ് ദൃശ്യത്തിലുള്ളത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ ടാക്സിയിൽനിന്ന് ആളുകൾ തെറിച്ചു വീഴുന്നുണ്ട്. ഓട്ടോ ടാക്സിയുടെ മുൻവശം പൂർണമായും തകർന്നു. തൃശൂർ ഭാഗത്തേക്കു രോഗിയുമായി പോകുകയായിരുന്ന ആംബുലൻസും തൃശൂരിൽനിന്നു തളിപ്പറമ്പ് ഭാഗത്തേക്കു പോകുകയുമായിരുന്ന ഓട്ടോ ടാക്സിയുമാണ് കൂട്ടിയിടിച്ചത്ഓട്ടോ ടാക്സി ആംബുലൻസിന്റെ ട്രാക്കിലേക്കു കയറിയത് എന്തുകൊണ്ടാണെന്നു പരിശോധിച്ചുവരികയാണ്. ട്രാക്ക് മാറി ഓടിയ ഓട്ടോ ടാക്സി ശരിയായ ട്രാക്കിലേക്കു കയറിപ്പോൾ വേഗത്തിലെത്തിയ ആംബുലൻസ് ഡ്രൈവർക്ക് ആശയക്കുഴപ്പമുണ്ടായതാണ് അപകട കാരണമെന്നാണു നിഗമനം. ട്രാക്ക് മാറി ഓട്ടോ ടാക്സി വരുന്നതു കണ്ടപ്പോൾ ട്രാക്ക് വെട്ടിച്ചതാണെന്നാണ് ആംബുലൻസ് ഡ്രൈവർ പറഞ്ഞത്. ഡ്രൈവർമാർക്കുണ്ടായ ആശയക്കുഴപ്പമാകാം അപകടത്തിലേക്കു നയിച്ചതെന്ന നിഗമനമുണ്ട്. ഓട്ടോ ടാക്സി ഡ്രൈവർ ഉറങ്ങിപ്പോയതാകാം ട്രാക്ക് മാറിക്കയറാൻ കാരണമെന്ന് പറയുന്നുണ്ടെങ്കിലും ഇതു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഓട്ടോ ടാക്സി ഡ്രൈവർ ജിതിനും ഭാര്യയും മകനും മുൻ സീറ്റിലാണ് ഇരുന്നിരുന്നത്. ജിതിൻ അപകടസ്ഥലത്തു വച്ചു തന്നെ മരിച്ചെന്നാണ് ദൃക്സാക്ഷികൾ പറ‍ഞ്ഞത്. ജിതിന്റെ ഭാര്യ നീതുവിന്റെ പാതി ശരീരം ഓട്ടോയിലും മറുപാതി റോഡിലുമായിരുന്നു. അദ്രിനാഥ് റോഡിലേക്ക് തെറിച്ചുവീണു കിടക്കുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറയുന്നു.