ബൈജൂസ്‌ സാമ്പത്തിക പ്രതിസന്ധിയില്‍,1000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു

മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എഡ്‌ടെക്സ്ഥാപനമായ ബൈജൂസ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു.സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് തിരച്ച് കയറാനാവാത്ത കമ്പനിയെ രക്ഷിക്കാനുള്ള അവസാനവട്ട ശ്രമങ്ങളുമായി കമ്പനി അധികൃതര്‍.സെയില്‍സ് ടീമിന്റെ ഭാഗമായ കരാറു ജീവനക്കാരായ 1000 പേരെ പിരിച്ചുവിടാനാണ് ബൈജൂസ് ഉദ്ദേശിക്കുന്നത്.

2021 ലാണ് ബൈജൂസ് വിദേശ വിപണിയില്‍ നിന്ന് 1,200 കോടി ഡോളര്‍ (99,000 കോടി രൂപ) വായ്പയെടുത്തത്.യു.എസിലെ ബാങ്കുകള്‍ക്ക് ജൂണ്‍ അഞ്ചിന് പലിശയിനത്തില്‍ നാല് കോടി ഡോളര്‍ നല്‍കേണ്ടതായിരുന്നു. പലിശ തിരിച്ചു നല്‍കുന്നതിനു പകരം ബൈജൂസ് വായ്പാദാതാവിനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ന്യൂയോര്‍ക്ക് സുപ്രീം കോടതിയില്‍ കേസ് നല്‍കുകയായിരുന്നു.

ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം പ്രതിവര്‍ഷം ഒരു കോടി രൂപയും അതിനുമുകളിലും ശമ്പളം വാങ്ങുന്ന സീനിയര്‍ വൈസ് പ്രസിഡന്റുമാരുള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്.ഈ വര്‍ഷം ആദ്യം കമ്പനി 900-1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.കമ്പനിക്ക് ആവശ്യമുള്ള ഘട്ടത്തില്‍ നിയമിക്കുകയും പിരിച്ചുവിടുകയും ചെയ്യുന്ന കരാര്‍ ജീവനക്കാരായ ചാനല്‍പ്ലേയ്ക്കും റാന്‍ഡ്സ്റ്റാഡിനും കീഴിലുള്ള മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുകളെയും പിരിച്ചുവിടാന്‍ തീരുമാനമായി.

ബിസിനസ്സില്‍ സ്തംഭനാവസ്ഥ നേരിടുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തെ മറ്റൊരു പ്രമുഖ ആപ്പായ ആകാശുമായി കൈകോര്‍ക്കാനുള്ള ശ്രമമാണ് ബൈജൂസ് നടത്തുന്നത്.