മാധ്യമ സ്വാതന്ത്ര്യം എന്നത് ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കലല്ല.എ എം ആരിഫ് എം പി

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവും എം എ ആർക്കിയോളജി വിദ്യാർത്ഥിയുമായ ആർഷോയ്ക്കെതിരെ എഴുതാത്ത മൂന്നാം സെമസ്റ്റർ പരീക്ഷ വിജയിച്ചു എന്ന വസ്‌തുതാ വിരുദ്ധ പ്രചരണം നടത്തിയ മാധ്യമങ്ങളെ വിമർശിച്ചുകൊണ്ടുള്ള സി പി എം നേതാവും ആലപ്പുഴ എം പി യുമായ എ എം ആരിഫിന്റെ ഫേസ് ബുക്ക് കുറിപ്പ് ചർച്ചയാകുന്നു.

” സത്യാനന്തര കാലത്തെ മാധ്യമ സ്വാതന്ത്ര്യം…ഇപ്പോൾ കിട്ടിയ വാർത്ത..!
ആദ്യം പുറത്തുവിട്ടവർ..! ഞെട്ടിക്കുന്ന വാർത്ത..!ബ്രേക്കിങ്ങ് ന്യൂസ്‌..! എന്നൊക്കെ പറഞ്ഞ് തികച്ചും വസ്തുതാവിരുദ്ധമായ വാർത്തകൾ നിരന്തരം പടച്ചുവിടുന്ന മാധ്യമങ്ങളോട്.

കേവലം പൊടിപ്പും തൊങ്ങലും വെച്ച് ഒരു പൊതുപ്രവർത്തകന്റെ ഭൂതവും ഭാവിയും അറിഞ്ഞും അറിയാതെയും തകർക്കാൻ കൂട്ടുനിൽക്കുന്ന മാധ്യമ സുഹൃത്തുക്കൾ മനസ്സിലേക്കേണ്ടത്, ഒരോ പൊതുപ്രവർത്തകന്റെയും ജീവിതം നിരവധി സഹന സമരങ്ങളിലൂടെ കടന്നുവരുന്നതാണ്. ഓരോ പൊതുപ്രവർത്തകനും ലഭിക്കുന്ന പൊതുസ്വീകാര്യത, കാലങ്ങളായി അവരോരോരുത്തരും വളരെയധികം കഷ്ടപ്പെട്ടും നിരവധി ത്യാഗങ്ങൾ സഹിച്ചും നേടിയെടുക്കുന്നതാണ്.

അങ്ങനെയുള്ള ഒരു പൊതുപ്രവർത്തകനെ പൊതുസമൂഹത്തിന്റെ മുൻപിൽ, വ്യാജവാർത്തകൾ സൃഷ്ടിച്ച് അപമാനിക്കുകയും , കള്ളനും കൊള്ളക്കാരനും ചതിയനും വഞ്ചകനുമൊക്കെയായി ചിത്രീകരിക്കുകയും ചെയ്യുമ്പോൾ, നിങ്ങൾക്കതൊരു നിമിഷത്തെ ബ്രേക്കിങ്ങ് ന്യൂസ്‌ ആയിരിക്കും. എന്നാൽ തകർന്ന് തരിപ്പണമാകുന്നത് ഒരു പൊതുപ്രവർത്തകന്റെ ജീവിതവും, കുടുംബവും അയാളുടെ പൊതുസ്വീകാര്യതയുമാണ്.അതിന് നിങ്ങൾ എത്ര തന്നെ വിലയിട്ടാലും, പിന്നീട് എത്ര തന്നെ തിരുത്തുവാനും നഷ്ടപരിഹാരം നൽകുവാനും ശ്രമിച്ചാലും, ഒന്നും മതിയാവാതെ വരും.

ആർഷോയേക്കുറിച്ച് നിങ്ങൾ പടച്ചുവിട്ട വാർത്തകൾ അദ്ദേഹത്തിന്റെ സംഘടനയും പാർട്ടി നേതൃത്വവും തള്ളിപ്പറഞ്ഞില്ലായിരുന്നുവെങ്കിൽ, ആ വാർത്ത സഹിക്കാനാവാതെ അദ്ദേഹം എന്തെങ്കിലും കടുംകൈ ചെയ്തിരുന്നുവെങ്കിൽ നിങ്ങൾ എന്ത് വാർത്ത കൊടുക്കുമായിരുന്നു.?അപ്പോഴും നിങ്ങൾ എഴുതുന്നത് അപമാനിതനായതിൽ മനംനൊന്ത് അയാൾ ആത്മഹത്യ ചെയ്തു എന്നുള്ളതാവും, ഒരു സംശയവുമില്ല. അപ്പോഴും ചെയ്ത കുറ്റം മറച്ചുവെയ്ക്കാനാവും നിങ്ങൾ ശ്രമിക്കുക.

ഇത്തരം ഒരു വാർത്ത കിട്ടിയപ്പോൾ, അല്ലെങ്കിൽ വാർത്താ നിർമ്മിതിയ്ക്ക് മുതിരുന്നതിന് മുൻപ്,നിങ്ങൾക്ക് ഈ ഗുഡാലോചനയിൽ പങ്കില്ലെങ്കിൽ, നേരിട്ട് അർഷോയോട് വിളിച്ചു ചോദിക്കാനുള്ള സാമാന്യ മര്യാദ കാണിക്കണമായിരുന്നു.മറുപടി തൃപ്തികരമല്ലെന്ന് തോന്നിയാൽ തുടർനടപടികളിലേക്ക് പോകാമായിരുന്നു.തുറന്നുപറഞ്ഞാൽ, നിങ്ങൾക്ക് കൂടി പങ്കുണ്ട് എന്ന് പൊതുസമൂഹം വിശ്വസിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ നിങ്ങളുടെ ഓരോ വൃഥാ വിലാപങ്ങളും.

മാധ്യമ സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യലല്ല, തകർക്കലല്ല. ഒരു വ്യക്തിയെ, അദ്ദേഹത്തിന്റെ കുടുംബത്തെ, ഒരു പ്രസ്ഥാനത്തെ തേജോവധം ചെയ്യുവാനുള്ള സ്വാതന്ത്ര്യം അല്ലേയല്ല..വാർത്തകൾ, വിമർശനങ്ങൾ വസ്തുതാപരമായിരിക്കണം..വസ്തുതയുമായി പുലബന്ധം പോലുമില്ലാത്ത വാർത്താ വിസ്ഫോടനം സൃഷ്ടിച്ചിട്ട്, അതിന്റെ പേരിൽ പരാതി കൊടുത്താൽ കേസെടുത്താൽ, അയ്യോ ഞങ്ങളുടെ മാധ്യമ സ്വാതന്ത്ര്യത്തെ അപഹരിച്ചു എന്ന് പറഞ്ഞു വിലപിക്കരുത്.

സമൂഹമാധ്യങ്ങൾ വഴി,ലക്ഷക്കണക്കിനു വരുന്ന അനുയായികൾ, നിങ്ങളെക്കുറിച്ച്, നിങ്ങളുടെ കുടുംബങ്ങളെക്കുറിച്ച് അവാസ്തവമായ വാർത്തകൾ പ്രസിദ്ധീകരിച്ചാൽ, വ്യക്തിഹത്യ നടത്തിയാൽ, തേജോവധം ചെയ്‌താൽ നിങ്ങൾക്കത് സഹിക്കാനാകുമോ.? നിങ്ങൾ കേസ് കൊടുക്കുമോ.? മറുപടി പറയൂ.”