മലപ്പുറം: ഏക സിവില്‍ കോഡിനോട് മുസ്ലിം വിഭാഗങ്ങള്‍ക്ക് മാത്രമല്ല,പല മത വിഭാഗങ്ങൾക്കും യോജിക്കാന്‍ സാധിക്കില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഏക സിവില്‍ കോഡ് വിഷയത്തില്‍ മറ്റു മതവിഭാഗങ്ങളുമായി സമസ്ത ചര്‍ച്ച നടത്തുമെന്നും യോജിക്കുന്ന എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും ഈ വിഷയത്തില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വിവാഹം, വിവാഹ മോചനം, അനന്തരവകാശം എന്നിവ മത നിയമത്തില്‍ വരുന്നതാണ്. ഏക സിവില്‍ കോഡ് ഇതിന് എതിരാണ്. ഇത് മുസ്ലിം വിഭാഗങ്ങളെ മാത്രമല്ല മറ്റു മതവിഭാഗങ്ങളെയും ബാധിക്കും. വിവാഹം പോലുള്ള വിഷയങ്ങളില്‍ മതപരമായ നിയമങ്ങളുണ്ട്. അത് പാലിക്കപ്പെട്ടില്ലെങ്കില്‍ വിവാഹം മതപരമായി സാധൂകരിക്കപ്പെടില്ലെന്ന ആശങ്കയുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ഓരോ മതങ്ങള്‍ക്കും അവരുടേതായ നിയമങ്ങളുണ്ട്. അത് ആചാരങ്ങല്ല. അതിനാല്‍ തന്നെ മറ്റു മതങ്ങള്‍ക്കും ഏക സിവില്‍ കോഡിനോട് യോജിക്കാന്‍ കഴിയില്ല.ആദിവാസികള്‍ക്ക് അവരുടേതായ നിയമങ്ങളുണ്ട്. അതിലെ ഭേദഗതി അംഗീകരിക്കാന്‍ കഴിയില്ല.ജനാധിപത്യ മതേതര ശക്തികളും പൊതുസമൂഹവും ഏക സിവിൽ കോഡിനെതിരെ ഒറ്റക്കെട്ടായി നില കൊള്ളണം.ഏകസിവില്‍ കോഡിനെ എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ എടുക്കുന്നതെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.
ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ബഹുജന മുന്നേറ്റം ഉണ്ടാക്കേണ്ടി വരുമെന്നും അതിനായി സമസ്ത ശ്രമിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ സൂചിപ്പിച്ചു.