താലികെട്ടിന് മുൻപ് വധു കാമുകനൊപ്പം ഒളിച്ചോടി,തിരിച്ചു വീട്ടിലെത്തിയ വരൻ വിഷം കഴിച്ചു

റായ്ബറേലി: കല്യാണത്തിന് നിമിഷങ്ങൾക്ക് മുമ്പ് വധു കാമുകനൊപ്പം ഒളിച്ചോടിയതറിഞ്ഞു തിരിച്ചു വീട്ടിലെത്തി മനം നൊന്ത് വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ച റായ്ബറേലി സ്വദേശി അജയ് എന്ന യുവാവിന്റെ നില ഗുരുതരമായി തുടരുന്നു.

ഗഡഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ അസാനന്തപുർ ഗ്രാമത്തിൽ താമസിക്കുന്ന രാംനരേഷിന്റെ മകളുമായാണ് അജയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം അജയ് ഘോഷയാത്രയായി വധുവിന്റെ വീട്ടിലെത്തി. വധുവിന്റെ കുടുംബാംഗങ്ങൾ ഇവർക്കായി സ്വീകരണവും ഒരുക്കി. പിന്നാലെ മറ്റ് വിവാഹ ചടങ്ങുകൾ ആരംഭിച്ചു. വരൻ വേദിയിൽ എത്തി വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാൻ ഏറെ നേരം കാത്തിരുന്നിട്ടും വധു വേദിയിൽ എത്തിയില്ല. തുടർന്ന് വിവരം തിരക്കിയപ്പോഴാണ് വധു കാമുകനൊപ്പം സ്ഥലം വിട്ടതായി ബന്ധുക്കൾ പറഞ്ഞത്. പിന്നാലെ ഇരു കൂട്ടരും തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയുമായി.

തർക്കം വർധിക്കുന്നത് കണ്ട് പെൺകുട്ടിയുടെ പിതാവ് ഗഡഗഞ്ച് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി പ്രശ്നം ഒത്തുതീർപ്പാക്കി. തുടർന്ന് അജയും ബന്ധുക്കളും മടങ്ങിയെങ്കിലും നാട്ടുകാർ പരിഹസിക്കുമെന്ന മനോവിഷമത്തിൽ അജയ് വീട്ടിലെത്തി വിഷം കഴിക്കുകയായിരുന്നു.ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നില വഷളായതിനെ തുടർന്ന് ലഖ്‌നൗ ആശുപത്രിയിലേയ്‌ക്ക് മാറ്റി.പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വധുവിന്റെ കാമുകൻ മുന്നയ്‌ക്കെതിരെയും കേസെടുത്തു.