കാഞ്ഞിരപ്പള്ളിയിലെ വീട്ട് മുറ്റത്തു കിടക്കുന്ന കാർ, തിരുവനന്തപുരത്ത് നിയമലംഘനം നടത്തിയെന്ന് മോട്ടോർ വാഹനവകുപ്പ്

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ പാർക്ക് ചെയ്ത കാറിന് തിരുവനന്തപുരത്ത് നിയമലംഘനം നടത്തിയതിനുള്ള മോട്ടോർ വാഹനവകുപ്പിന്റെ നോട്ടീസ്. കാഞ്ഞിരപ്പള്ളി പാറത്തോട് മുക്കാലിയിലെ കൈതപ്പറമ്പിൽ വീട്ടുമുറ്റത്തായിരുന്ന കാറിന് തിരുവനന്തപുരം കൃഷ്ണനഗർ സ്നേഹപുരിയിൽവെച്ച് നിയമലംഘനം കണ്ടെത്തിയതിന് പിഴ അടയ്ക്കാനുള്ള നോട്ടീസ് കിട്ടി.

നോട്ടീസിൽ പറയുന്ന സമയം,കാറിന്റെ നിറം,ഇതൊന്നും ശരിയാകാതെ പകച്ചുപോയി കാറിന്റെ ഉടമസ്ഥനായ കാഞ്ഞിരപ്പള്ളി മുക്കാലി കൈതപ്പറമ്പിൽ ടി എം സഹിൽ.വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് KL 34 F 2454 എന്ന നമ്പറിലുള്ള കാർ മോട്ടോർ വാഹന നിയമം ലംഘിച്ചതായി കാണിച്ച് സഹിലിന്റെ മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചത്.

പരിവാഹൻ സൈറ്റിൽ നിന്ന് ഇ-ചെലാൻ ഡൗൺലോഡ് ചെയ്തു നോക്കുമ്പോൾ ചുവന്ന നിറത്തിലുള്ള ഹോണ്ടാ കാറാണ് ഇതിൽ കാണിച്ചിരിക്കുന്നത് . എന്നാൽ പിഴ കിട്ടിയിരിക്കുന്നത് വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഇയോൺ കാറിനും.നോട്ടീസിൽ പറയുന്ന സമയം കാർ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ പാർക്ക് ചെയ്തിരിക്കുന്നു.മോട്ടോർ വാഹനവകുപ്പിന്റെ പരാതി പരിഹാര സെല്ലിൽ വിവരം അറിയിച്ച് കാത്തിരിക്കുകയാണ് സഹിൽ.