പൊന്നാനി (മലപ്പുറം) ∙ ഗൾഫിൽനിന്നു കഴിഞ്ഞ ദിവസം അവധിക്കുവന്ന യുവാവിന്റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു. പൊന്നാനി ജെഎം റോഡിനു സമീപം വാലിപ്പറമ്പിൽ ആലിങ്ങൽ സുലൈഖയാണു (36) തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒൻപതരയോടെയാണു സംഭവം. സംഭവത്തിനു ശേഷം ഭർത്താവ് തിരൂർ കൂട്ടായി സ്വദേശി യൂനുസ് കോയ (40) കടന്നുകളഞ്ഞു.
കുളി കഴിഞ്ഞു ശുചിമുറിയിൽ നിന്നിറങ്ങി വരുന്ന സുലൈഖയെ, തേങ്ങ പൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുകമ്പി ഉപയോഗിച്ച് യൂനുസ് തലയ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലത്തു വീണ സുലൈഖയുടെ നെഞ്ചത്ത് കുത്തിയെന്നുമാണു വിവരം. യൂനുസ് കോയയുടെ സംശയ രോഗമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മക്കൾ: ഫിദ, അബു താഹിർ, അബു സഹദ്.