കാസർഗോഡ്: മണിപ്പൂർ വിഷയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന മുദ്രാവാക്യം വിളിച്ച മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരായ അബ്ദുൾ സലാം (18), ഷെരീഫ് (38), ആഷിർ (25), പി.എച്ച്. അയൂബ് (45), പി. മുഹമ്മദ് കുഞ്ഞി (55) എന്നിവർ അറസ്റ്റിൽ.മതവികാരം വ്രണപ്പെടുത്തല്‍, അന്യായമായി സംഘംചേരല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മണിപ്പുർ ഐക്യദാർഢ്യറാലിയുടെ ഭാഗമായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിലായിരുന്നു വിദ്വേഷ മുദ്രാവാക്യം ഉയർന്നത്.ബി.ജെ.പി. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്തിന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കണ്ടാലറിയാവുന്ന 300-ഓളം പേർക്കെതിരെ കേസെടുക്കുകയായിരുന്നു
ഐക്യദാർഢ്യ റാലിയിൽ ലീഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായ രീതിയിലും അച്ചടിച്ചു നൽകിയതിൽ നിന്ന് വ്യതിചലിച്ചും വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചത് മാപ്പർഹിക്കാത്ത തെറ്റായിട്ടാണ് പാർട്ടി കണക്കാക്കുന്നതെന്ന് സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു മുദ്രാവാക്യം വിളിച്ച കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ അബ്ദുൾ സലാമിനെ സംഘടനയിൽ നിന്ന് പുറത്താക്കി.
പാർട്ടിയുടെ ആശയങ്ങൾക്ക് വിരുദ്ധമായും മതസൗഹാർദത്തിന് കോട്ടം തട്ടുന്ന രീതിയിൽ പ്രവർത്തിക്കുന്നവരെയും സംഘടനയിൽ വച്ച് പൊറുപ്പിക്കില്ലെന്നു പറഞ്ഞ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഖേദം പ്രകടിപ്പിച്ചു.