ചെന്നൈ: എം കെ സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അമിത് ഷാ.എം കെ സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരാണ് രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ നയിക്കുന്ന പദയാത്ര രാമേശ്വരത്ത് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുന്നതിനിടെ അമിത് ഷാ ആരോപിച്ചു.
കോടികളുടെ അഴിമതിക്കേസിൽ തമിഴ്‌നാട്ടിലെ മന്ത്രിമാരിൽ ഒരാളെ ഇ ഡി അറസ്റ്റ് ചെയ്തു. എന്നാൽ അദ്ദേഹം ഇപ്പോഴും മന്ത്രിയായി തുടരുന്നതിൽ മുഖ്യമന്ത്രി സ്റ്റാലിൻ ലജ്ജിക്കണമെന്ന് അമിത് ഷാ പരിഹസിച്ചു. അഴിമതിക്കേസിൽ തമിഴ്‌നാട് മന്ത്രി എസ് ബാലാജി ഇപ്പോൾ ജയിലിലാണ്. ബാലാജിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാൻ സ്റ്റാലിന് ഭയമാണെന്നും അമിത് ഷാ പറഞ്ഞു.
ജയിലിൽ കഴിയുന്ന ഒരാൾക്ക് മന്ത്രിയായി തുടരാനാകുമോ? യുപിഎ സർക്കാരിൻ്റെ കാലത്താണ് ശ്രീലങ്കയിൽ തമിഴർ കൊല്ലപ്പെട്ടത്. തമിഴ് മത്സ്യത്തൊഴിലാളികളുടെ എല്ലാ ദുരിതങ്ങൾക്കും ഡിഎംകെയും കോൺഗ്രസും ഉത്തരവാദികളാണ്. തമിഴ് ജനതയുടെ ക്ഷേമവും ആശങ്കകളും യുപിഎ സർക്കാർ അവഗണിക്കുകയായിരുന്നുവെന്നും അമിത് ഷാ ആരോപിച്ചു.
രാജ്യത്തിനായുള്ള മികച്ച പ്രവർത്തനമാണ് കേന്ദ്ര സർക്കാരിന്റേത്.ഇതൊരു രാഷ്ട്രീയ യാത്രയല്ല.അഴിമതിയിൽ നിന്നും തമിഴ്‌നാടിനെ മോചിപ്പിക്കാനുള്ള യാത്രയാണിത്. അണ്ണാമലൈ നയിക്കുന്ന പദയാത്ര തമിഴ് ഭാഷയും തമിഴ് സംസ്കാരവും രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും ലോകമെമ്പാടും എത്തിക്കാനുള്ള യാത്രയാണ്.അമിത് ഷാ പറഞ്ഞു.
തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്ന് ആരംഭിച്ച.കെ അണ്ണാമലൈ നയിക്കുന്ന പദയാത്ര യാത്ര അടുത്ത വർഷം ജനുവരിയിൽ സമാപിക്കും. പദയാത്രയുടെ അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.