മകന്റെ മരണ വാർത്ത താങ്ങാനാകാതെ അമ്മ വിഷം കഴിച്ച് മരിച്ചു

പഞ്ചാബ് : കാനഡയിൽ അതിദാരുണമായി മകൻ കൊല്ലപ്പെട്ടതിൽ മനംനൊന്ത് പഞ്ചാബിൽ അമ്മ ജീവനൊടുക്കി.പഞ്ചാബിലെ നവാൻഷഹർ ജില്ലയിലെ കരിംപൂർ ചൗള ഗ്രാമത്തിലുള്ള നരീന്ദർ കൗർ എന്ന സ്ത്രീയാണ് ജീവനൊടുക്കിയത്.രണ്ടാഴ്ച്ച മുമ്പ് നരീന്ദറിന്റെ മകൻ ഗുർവീന്ദർ നാഥ് (24) കാനഡയിൽ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു.

കാനഡയിൽ വിദ്യാർത്ഥിയായിരുന്ന ഗുർവീന്ദർ നാഥ് പാർട്ട് ടൈം ആയി പിസ്സ ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്നു. ജുലൈ 9 ന് ജോലിക്കിടയിലാണ് കാനഡയിലെ മിസിസാഗയിൽ പുലർച്ചെ 2.10 ഓടെ  ഗുർവീന്ദർ ആക്രമിക്കപ്പെട്ടത്. പിസ്സ ഓർഡർ ഡെലിവെറിക്ക് എത്തിയ ഗുർവീന്ദറിനെ അജ്ഞാതനായ ആൾ വാഹനം തട്ടിയെടുക്കാനായി ഗുർവീന്ദറിനെ ആക്രമിച്ചുവെന്നാണ് റിപ്പോർട്ട്.നേരത്തേ തയ്യാറാക്കിയ പദ്ധതി പ്രകാരം പിസ്സ ഓർഡർ ചെയ്ത് ഗുർവീന്ദറിനെ ആക്രമിക്കുകയായിരുന്നുവെന്നും സംശയിക്കുന്നുണ്ട്.

ആക്രമണത്തിൽ ഗുർവീന്ദറിന് ഗുരുതരമായി പരിക്കേറ്റ ഗുർവീന്ദർ ജുലൈ 14 ന് ചികിത്സയിലിരിക്കേയാണ് മരിച്ചത്.ഗുർവീന്ദറിന്റെ മരണം മാതാവിനെ അറിയിച്ചിരുന്നില്ല. വെള്ളിയാഴ്ച്ച മൃതദേഹം നാട്ടിലെത്തുന്നതിന് തൊട്ടു മുമ്പ് മാത്രമാണ് ഇവർ വിവരം അറിയുന്നത്. മകന്റെ മരണ വാർത്ത താങ്ങാനാകാതെ അമ്മ വിഷം കഴിച്ച് മരിക്കുകയായിരുന്നു.