തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഇടതുപക്ഷം മത്സരിക്കരുതെന്ന കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സ്ഥാനാർഥിയെ കോൺഗ്രസ് കൂട്ടായി പ്രഖ്യാപിക്കും. ഉമ്മൻ ചാണ്ടി മരിച്ചതിന് പിറ്റേന്നുതന്നെ സ്ഥാനാർഥിയെ തീരുമാനിക്കാൻ കഴിയുമോ എന്നും ചെന്നിത്തല ചോദിച്ചു.
ഇടതുപക്ഷ നേതാക്കൾ മരിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥിയെ നിർത്താറുണ്ടല്ലോ,ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ ഇടതുപക്ഷം മത്സരിക്കരുതെന്ന് പറയാനുള്ള ധാർമ്മികത കോൺഗ്രസിനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.എൻ്റെ പ്രവർത്തനമേഖല കേരളമാണ്. ഇനി ദില്ലി താൽപ്പര്യങ്ങൾ ഇല്ല.ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംപി മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ പാർട്ടി തീരുമാനം കൈക്കൊള്ളും.
പ്രതിപക്ഷ നേതാവാകാൻ മത്സരമില്ല. വി ഡി സതീശൻ തന്നെയാണ് പ്രതിപക്ഷനേതാവ്. സതീശന് എല്ലാവിധ പിന്തുണയും നൽകും. അത് തുടരുകയും ചെയ്യും. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളും സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ പ്രതികരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥിയാകാനുള്ള സാധ്യതയാണ് കൂടുതൽ.കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ് ക്ക് .തോമസാണ് സിപിഎമ്മിൻ്റെ ആദ്യ പരിഗണന.
ഇപ്പോൾ സ്ഥാനാർഥിയെക്കുറിച്ച് പറയേണ്ട സമയമല്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഭാഗത്തുനിന്നും പ്രഖ്യാപനമുണ്ടായാൽ വൈകാതെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസിനാകുമെന്നും ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന സാഹചര്യത്തിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല പ്രതികരിച്ചു