ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പോലീസ് നൽകുന്ന സൂചന. കഴിഞ്ഞ ദിവസം രാത്രി ഗവർണർ ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് വരുമ്പോഴാണ് സംഭവം ഉണ്ടായത്.
കറുപ്പ് നിറമുള്ള സ്കോർപിയോ കാറാണ് ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിലേയ്ക്ക് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. സംഭവ സമയത്ത് ഗവർണർ ഉറങ്ങുകയായിരുന്നു. രണ്ട് തവണ ഗവർണറുടെ വാഹനവ്യൂഹത്തിലേയ്ക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമമുണ്ടായി. ആദ്യം വാഹനം തട്ടാതിരിക്കാൻ ഗവർണറുടെ വാഹനം വെട്ടിച്ചുമാറ്റേണ്ടി വന്നു. പിന്നീട്, വാഹനവ്യൂഹം മുന്നോട്ട് പോയപ്പോൾ വീണ്ടും സ്കോർപിയോ കാർ തട്ടാൻ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. കാർ വെട്ടിച്ചു മാറ്റിയതിനാലാണ് അപകടം ഒഴിവായത്.
സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച ഉത്തർപ്രദേശ് പോലീസ് പിന്നാലെയാണ് വാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുത്തു.ബോധപൂർവ്വമാണോ ഗവർണറുടെ വാഹനത്തെ ആക്രമിക്കാൻ ശ്രമിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഗവർണർക്ക് പരിക്കുകളില്ലെന്നാണ് വിവരം. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്