മാസങ്ങൾക്ക് മുൻപാണ് ഒരു വർഷം നീണ്ടു നിന്ന ഒരു ആത്മീയ യാത്ര പൂർത്തിയാക്കി പ്രണവ് മോഹൻലാൽ തിരിച്ചെത്തിയത്.മോഹൻലാലിൻറെ മകനാണെങ്കിലും യാതൊരു വിധ താരപരിവേഷവും കാണിക്കാതെയുള്ള പ്രണവിന്റെ ജീവിത രീതികളാണ് ആരാധകരെ കൂടുതൽ ആകർഷിക്കുന്നത്. ചെറുപ്പത്തിലേ സിനിമയിൽ എത്തിയെങ്കിലും അഭിനയത്തേക്കാൾ പ്രാധാന്യം നൽകുന്നത് യാത്രകൾക്കായാണ്.
മലയാള സിനിമയിലെ താരപുത്രന്മാരിൽ വളരെ വ്യത്യസ്തനായ പ്രണവ് മോഹൻലാൽ 2002ൽ മോഹൻലാൽ നായകനായ ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം.വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ നടൻ അഭിനയിച്ചിട്ടുള്ളുവെങ്കിലും താരമൂല്യത്തിന്റെ കാര്യത്തിലും ആരാധകരുടെ എണ്ണത്തിലുമൊന്നും പ്രണവ് ഒട്ടും പുറകിലല്ല.പ്രണവിന് എന്നും പിന്തുണയുമായി അച്ഛൻ മോഹൻലാൽ ഉണ്ടായിരുന്നു.
പൊതുവേദികളിലും അഭിമുഖങ്ങളിലുമെല്ലാം പ്രണവിനെ കുറിച്ച് ചോദിച്ചാൽ മോഹൻലാൽ വാചാലനാകാറുണ്ട്.മോഹൻലാൽ പ്രണവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.
” എന്നോട് എന്റെ മകൻ എന്താവണം എന്ന് ചോദിച്ചപ്പോൾ ഞാൻ മറുപടി പറഞ്ഞത്, അവൻ എന്ത് ആവരുത് എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത് എന്നാണ്. ചെയ്യാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ ഉള്ളപ്പോൾ ഒരു പയ്യൻ എന്ത് ആകരുത് എന്നാണ് നമ്മൾ പ്രാർത്ഥിക്കേണ്ടത്. എന്താവണമെന്ന് അവർ നോക്കിക്കോളും. അതുകൊണ്ട് സ്വയം കണ്ടെത്തുക. രാവിലെ എഴുന്നേൽക്കുമ്പോൾ സ്വയം ചോദിക്കുക, നമ്മൾ ചെയ്യുന്നത് ശരിയാണോ. ഈ ദിവസം എങ്ങനെയാണ് നമ്മൾ കൊണ്ടുപോകേണ്ടത് എന്നെല്ലാം.
അങ്ങനെയാണെങ്കിൽ കുറച്ചു കഴിയുമ്പോൾ അതിമനോഹരമായ ഉത്തരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അതുകൊണ്ട് കുട്ടികൾ സ്വന്തമായി ചോദ്യങ്ങൾ ചോദിക്കുക. സ്വന്തമായി ഉത്തരങ്ങൾ കണ്ടെത്തുക. മറ്റുള്ള ആളുകളെ ഫിസിക്കൽ ആയിട്ടോ മെന്റൽ ആയിട്ടോ സ്പിരിച്വലായിട്ടോ ഉപദ്രവിക്കാതിരിക്കുക. അതിന് വേണ്ടി ശ്രമിക്കുക”മോഹൻലാൽ പറഞ്ഞു.
താൻ പണ്ട് ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് അവൻ ഇപ്പോൾ ചെയ്യുന്നത്. അന്ന് തനിക്ക് അതിനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ അവനിപ്പോൾ അതിന് കഴിയുന്ന സാഹചര്യമാണ്. അതുകൊണ്ട് അവൻ അതിലേക്ക് പോകുമ്പോൾ തനിക്ക് തടയാൻ കഴിയില്ല.പ്രണവിന്റെ യാത്രകളോടുള്ള പ്രണയത്തെ കുറിച്ചും മോഹൻലാൽ പറഞ്ഞു.
വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പ്രണവിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ മോഹൻലാലാണ് പ്രഖ്യാപിച്ചത്. വർഷങ്ങൾക്കു ശേഷം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രണവിനൊപ്പം കല്യാണി പ്രിയദർശനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിവിൻ പോളി,ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. മേരിലാന്റ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും ഒരു കഥാപാത്രമാകും.