അസ്ഥി അർബുദ രോഗികൾക്കുള്ള ആസ്റ്റർ ഗ്രൂപ്പിന്റെ സിന്ദഗി ചികിത്സ സഹായ പദ്ധതിയുമായി സഹകരിച്ച് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ

കൊല്ലം : അസ്ഥികളിലെ കാൻസർ (സർക്കോമ) ബാധിച്ച നിർധന രോഗികൾക്കായി ആസ്റ്റ‍ർ ഗ്രൂപ്പ് നടത്തുന്ന സിന്ദഗി ചികിത്സ സഹായ പദ്ധതിയുമായി സഹകരിച്ച് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. സർക്കോമ രോഗത്തെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുക, പരമാവധി രോഗികൾക്ക് ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണേഷ് കുമാറും പദ്ധതിയുടെ ഭാഗമാകുന്നത്.

അസ്ഥികളെ ബാധിക്കുന്ന കാൻസർ ചികിത്സയിൽ വിദഗ്ധനായ ഡോ. സുബിൻ സുഗതിന്റെ സേവനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിന്ദഗി പദ്ധതി നടപ്പാക്കുന്നത്. രോഗ നിർണയം കഴിഞ്ഞാൽ നൂതന ചികിത്സ ഉറപ്പാക്കുന്നതിന് പുറമേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ചികിത്സ സഹായം നൽകും. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലും കോഴിക്കോട് ആസ്റ്റർ മിംസിലുമാണ് ചികിത്സ നൽകുന്നത്. കഴിഞ്ഞ ബുധനാഴ്ച മുൻ ആരോഗ്യമന്ത്രിയും നിലവിൽ എം.എൽ.എയുമായ കെ.കെ ഷൈലജയാണ് പദ്ധതി അവതരിപ്പിച്ചത്.

കൊല്ലം ജില്ലയിലെ എം.എൽ.എ എന്ന നിലയിലാണ് ഗണേഷ് കുമാർ എം.എൽ.എ പദ്ധതിയുടെ ഭാഗമാകുന്നത്. പദ്ധതിയെ പരമാവധി ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. അദ്ദേഹത്തിന്റെ മണ്ഡമായ പത്തനാപുരത്തെയും സമീപ മണ്ഡലങ്ങളിലേയും സർക്കോമ ബാധിതർക്ക് എം.എൽ.എ ഓഫീസ് വഴി ആസ്റ്റർ ഗ്രൂപ്പിനെ ബന്ധപ്പെടാം. ഇതുവഴി അർഹരായ രോഗികൾക്ക് ചികിത്സാ സഹായം ലഭ്യമാക്കുമെന്ന് അധികൃതർ പറഞ്ഞു. എ.എം ആരിഫ് എം.പിയും പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എയും പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷൻ, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്, ആസ്റ്റ‍ർ വോളന്റിയേഴ്‌സ് എന്നിവയും ഉദ്യമവുമായി സഹകരിക്കുണ്ട്.

കുട്ടികളിലേയും മുതിർന്നവരിലേയും അസ്ഥിമുഴകൾ നീക്കം ചെയ്യുന്നതിൽ വിദഗ്ധനായ ഡോ. സുബിൻ നട്ടെല്ലിലെയും മറ്റ് അസ്ഥികളിലെയും മെറ്റാസ്റ്റാറ്റിക് മുറിവുകൾക്കുള്ള ശസ്ത്രക്രിയ ചികിത്സയിലും നിപുണനാണ്. സർക്കോമ പോലുള്ള രോഗങ്ങളുടെ താരതമ്യേന ഉയർന്ന ചിലവ് മൂലം നി‍ർധന രോഗികൾക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ടാകരുതെന്ന ചിന്തയിൽ നിന്നാണ് സിന്ദഗി പദ്ധതി ആവിഷ്കരിച്ചതെന്ന് ആസ്റ്റ‍ർ ഇന്ത്യ വൈസ് പ്രസിഡന്റ്‌ ഫ‍ർഹാൻ യാസീൻ വ്യക്തമാക്കി.

സിന്ദഗി പദ്ധതിയുടെ സഹായം ആവശ്യമുള്ളവർക്ക് 89291 90644, 81119 98098 എന്നീ വാട്ട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.