റോഡ് സുരക്ഷ ഇനി സ്കൂളിലും പഠിക്കാം, പ്ലസ് ടു കഴിഞ്ഞാൽ ലേണേഴ്സ് ഇല്ലാതെ ലൈസൻസ്

മലപ്പുറം : റോഡ് സുരക്ഷാ അവബോധം സ്കൂൾ തലത്തിൽ തന്നെ ആരംഭിക്കുന്നതിന് മുന്നോടിയായി ഹയർ സെക്കൻഡറി വിഭാഗം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ പരിഗണിക്കുന്നു. പുസ്തകങ്ങൾ തയ്യാറാക്കി കഴിഞ്ഞതായും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സമർപ്പിച്ചതായുംഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു.പ്ലസ്ടു പരീക്ഷ പാസായവർക്ക് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതി പരിഗണനയിലാണെന്നും ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പുസ്തകങ്ങൾ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്. റോഡ് മര്യാദകൾ, അടയാളങ്ങൾ എന്നിവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതോടെ വിദ്യാർത്ഥികൾക്ക് വേഗത്തിൽ തന്നെ മനസിലാക്കാൻ സാധിക്കും.റോഡ് സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതോടെ ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ ഗതാഗത നിയമത്തേക്കുറിച്ച് ബോധവാന്മാരാകുമെന്നും ഇത് വാഹനാപകടങ്ങൾ കുറയ്ക്കാൻ സഹായകമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഡ്രൈവിങ് പഠനക്കാലത്ത് ലഭിക്കുന്നത് പ്രാഥഥമിക വിവരങ്ങൾ മാത്രമാണ്.ഇതിന് പകരം പാഠ്യപദ്ധതിയിൽ ഇവ ഉൾപ്പെടുത്തുന്നതോടെ കാതലായ മാറ്റങ്ങൾ ഉണ്ടാകുമെന്നും മലപ്പുറം കണ്ടനകം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിങ് ആൻഡ് റിസർച്ചിൽ നടന്ന അനുമോദനച്ചടങ്ങിൽ മന്ത്രി ആന്റണി രാജു പറഞ്ഞു.സംസ്ഥാനത്ത് എഐ ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോൾ അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായതായി മന്ത്രി അറിയിച്ചു.

ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഓഗസ്റ്റ് രണ്ടു വരെ 32,42,277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.ഹെൽമറ്റ് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇതുവരെ മൂന്നു കോടി 37 ലക്ഷം രൂപ മാത്രമേ പിഴ ലഭിച്ചിട്ടുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി