കാർ വീട്ടിലേക്ക് കയറ്റുമ്പോൾ തീപിടിച്ചു പൊട്ടിത്തെറിച്ചു് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: മാവേലിക്കരയിൽ കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം.ഇന്ന് പുലർച്ചെ 12.30നാണ് അപകടമുണ്ടായത്. മാവേലിക്കര ഗേൾസ് സ്കൂളിന് സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് (35) എന്ന കണ്ണൻ ആണ് മരിച്ചത്.കാർ വീട്ടിലേക്ക് കയറ്റവേ ​ഗേറ്റിന് സമീപത്ത് വച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

സഹോദരൻ ശിവപ്രകാശ് ഡോർതുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.നാട്ടുകാരെത്തി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മാവേലിക്കരയിലെ അഗ്നിരക്ഷാ സേനയും പൊലീസും എത്തിയാണ് തീ അണച്ചത്.കൃഷ്ണപ്രകാശ് മാവേലിക്കര ഗവ.ഗേള്‍സ് എച്ച്എസ്എസിന് സമീപം ഐ കെയര്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിവരികയായിരുന്നു.

അവിവാഹിതനായ കൃഷ്ണപ്രകാശ് പരേതനായ തങ്കപ്പന്‍പിള്ളയുടെയും രതിയമ്മയുടെയും മകനാണ്. സഹോദരൻ ശിവപ്രകാശിനൊപ്പമായിരുന്നു താമസം.ആലപ്പുഴയിൽ നിന്നും സയൻ്റിഫിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മാവേലിക്കര പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി.