ഏകപക്ഷീയമായ അഞ്ച് ​ഗോളുകൾക്ക് അൽ നസറിന്റെ ജയം,ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കരിയറിലെ 63ാമത് ഹാട്രിക്കും

റിയാദ്: സൗദി പ്രോ ലീ​ഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവില്‍ ആദ്യ ജയവുമായി അൽ നസർ. ഏകപക്ഷീയമായ അഞ്ച് ​ഗോളുകൾക്കാണ് അൽ നസറിന്റെ ജയം. കരിയറിലെ 63ാം ഹാട്രിക്കും ക്രിസ്റ്റ്യാനോ സ്വന്തമാക്കി. ആദ്യ രണ്ട് ലീഗ് മത്സരങ്ങളിലും ഗോൾ കണ്ടെത്താനാകാതെ വിഷമിച്ച ക്രിസ്റ്റ്യാനോയുടെ ശക്തമായ തിരിച്ചുവരവിനാണ് ഫാതിഹിന്‍റെ ഹോംഗ്രൗണ്ടായ പ്രിൻസ് അബ്ദുല്ല ബിൻ ജലാവി സ്റ്റേഡിയം സാക്ഷിയായത്.

തുടക്കം മുതൽ അൽ നസറിന്റെ നിയന്ത്രണത്തിലായിരുന്നു മത്സരം.രണ്ട് ​ഗോൾ ലീഡോടെ അൽ നസർ ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിലും അൽ നസറിന്റെ ആധിപത്യമായിരുന്നു. 55ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിന്റെ ലീഡ് ഉയർത്തി. അബ്ദുൾ റഹ്മാൻ ​ഗരീബിന്റെ ​അസിസ്റ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇടം ​കാൽ ​ഗോൾ. അൽ നസർ മൂന്ന് ​ഗോളിന് മുന്നിൽ.

27ാം മിനിറ്റിൽ അൽ നസറിന്റെ ​ഗോൾ വേട്ട ആരംഭിച്ചു. റൊണാൾഡോയുടെ അസിസ്റ്റിൽ സാദിയോ മാനെ ആണ് ആദ്യം സ്കോർ ചെയ്തത്. 38ാം മിനിറ്റിൽ റൊണാൾഡോയുടെ ആദ്യ ​ഗോൾ. തകർപ്പൻ ഹെഡറിലൂടെ റൊണാൾഡോ മത്സരത്തിലെ തന്റെ ആദ്യ ​ഗോൾ നേടി.81ാം മിനിറ്റിൽ വീണ്ടും അൽ നസർ വല ചലിപ്പിച്ചു. ഇത്തവണ സാദിയോ മാനെ തന്റെ രണ്ടാം ​ഗോൾ സ്വന്തമാക്കി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ക്രിസ്റ്റ്യാനോ തന്റെ ഹാട്രിക്ക് പൂർത്തിയാക്കിയത്. മറുപടി ഇല്ലാത്ത അഞ്ച് ​ഗോളിന് അൽ നസറിന്റെ തകർപ്പൻ ജയം.

സൗദി പ്രൊ ലീഗിൽ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ അൽ-നസര്‍ ആദ്യ ജയത്തോടെ പോയന്‍റ് പട്ടികയിൽ 10ാം സ്ഥാനത്താണുള്ളത്. 29ന് അൽ-ഷബാബിനെതിരെയാണ് അടുത്ത മത്സരം.