വോട്ട് എണ്ണൽ തുടങ്ങിയത് മുതൽ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ

കോട്ടയം : വോട്ട് എണ്ണലിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡുമായി പുതുപ്പള്ളിയുടെ പുതിയ അമരക്കാരനായി ചാണ്ടി ഉമ്മൻ തന്നെ എന്ന് ജനം വിധി എഴുതിക്കഴിഞ്ഞു.നീണ്ട 53 വർഷങ്ങൾ ഉമ്മൻ ചാണ്ടി നെഞ്ചോടു ചേർത്ത് പരിപാലിച്ച പുതുപ്പള്ളി ഇനി മകൻ ചാണ്ടി ഉമ്മന്റെ കയ്യിൽ ഭദ്രം. പോയ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷത്തിൽ നേരിട്ട ഇടിവ് പോലും ചാണ്ടി ഉമ്മൻ ചാടിക്കടന്നു.

34,000 വോട്ടുകളിലധികം ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ എത്തിക്കഴിഞ്ഞു . 2021ൽ എൽ.ഡി.എഫിന് പിന്തുണ നൽകിയ പക്ഷങ്ങൾ ഇക്കുറി ചാണ്ടി ഉമ്മനൊപ്പമായി എന്ന കാര്യത്തിൽ വ്യക്തത വന്നുകഴിഞ്ഞു. മുഖ്യധാരാ രാഷ്ട്രീയത്തിൽ ഇല്ലെങ്കിലും, ചാണ്ടി ഉമ്മൻന്റെ രാഷ്ട്രീയ ജീവിതത്തിന് 23 വർഷത്തെ പാരമ്പര്യമുണ്ട്.

“തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കേരളത്തിലെമ്പാടുമുള്ള വീടുകൾ ഞാൻ സന്ദർശിച്ചു, എല്ലായിടത്തും എനിക്ക് ലഭിച്ച സ്വീകരണം എങ്ങനെയെന്ന് ഓർക്കുന്നു. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആളുകൾ എന്നിൽ സ്നേഹം ചൊരിഞ്ഞു, എന്നെ അവരുടേതായി സ്വീകരിച്ചു. ആ ഉജ്ജ്വല സ്വീകരണം എനിക്കായിരുന്നില്ല, അച്ഛന് വേണ്ടിയായിരുന്നു. അദ്ദേഹത്തോടുള്ള സ്നേഹവും വാത്സല്യവും ജനങ്ങൾ തിരികെ നൽകി. എന്റെ പിതാവ് ജനങ്ങളെ സ്നേഹിക്കുകയും അവർ അത് പലമടങ്ങ് തിരികെ നൽകുകയും ചെയ്തു,” ചാണ്ടി ഉമ്മൻ ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്’ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.