നന്നായി വേവിക്കാത്ത മീൻ കഴിച്ച്‌ അണുബാധയേറ്റ 40കാരിയ്ക്ക് കൈകാലുകള്‍ നഷ്ടമായി

കാലിഫോർണിയ : ലോറ ബരാജസ് എന്ന കാലിഫോർണിയ സ്വദേശിയായ 40 കാരിയ്ക്കാണ് പൂര്‍ണമായി വേവിക്കാത്ത മത്സ്യം കഴിച്ചതിനെത്തുടര്‍ന്ന് അണുബാധയേറ്റ് ഈ ദുരനുഭവമുണ്ടായത്.സാന്‍ജോസിലെ ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മീനില്‍ നിന്നാണ് ലോറയ്ക്ക് അണുബാധയേറ്റത്.

പൂര്‍ണമായി വേവിക്കാതെ മത്സ്യം കഴിച്ചതിലൂടെ വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയ ലോറയുടെ ശരീരത്തില്‍ പ്രവേശിച്ചു.രാത്രിയാണ് ലോറ മത്സ്യം കഴിച്ചത്. ശേഷം കിടന്നുറങ്ങുകയും ചെയ്തു. അര്‍ധരാത്രിയോടെ ലോറയ്ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു.രോഗ ബാധയെ തുടർന്ന് ഒരു മാസത്തോളം ചികിത്സയിലായിരുന്ന ലോറയിൽ അണുബാധ നിയന്ത്രിക്കാനാകാതായതോടെയാണ് കൈകാലുകള്‍ മുറിച്ച് മാറ്റിയത്.

ചുണ്ടും, കാല്‍പാദവും, വിരലുകളുമെല്ലാം കറുത്തനിറത്തിലായി. ലോറയ്ക്ക് സെപ്‌സിസ് ഉണ്ടായെന്നും രണ്ട് വൃക്കകളും തകരാറിലായെന്നും ലോറയുടെ സുഹൃത്തായ അന്ന മെസ്സീന പറഞ്ഞു.വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയ എന്ന രോഗകാരിയായ അണുബാധ ലോറയുടെ കൈകാലുകളിലേക്ക് വ്യാപിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അവ പടരുന്നതിന് മുൻപായി കൈകാലുകള്‍ മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഈ ബാക്ടീരിയകള്‍ ജീവിക്കുന്ന മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെയും മലിനമായ വെള്ളം മുറിവിലൂടെ ശരീരത്തിലേക്ക് എത്തുന്നതിലൂടെയുമാണ് രോഗം ബാധിക്കുന്നതെന്നും രോഗം ബാധിക്കുന്ന അഞ്ചിലൊരാള്‍ മരണപ്പെടുന്നുണ്ടെന്നും ഡോക്ടര്‍ നടാഷ സ്‌പോട്ടിവുഡ് പറഞ്ഞു.