മാലിന്യത്തിൽ നിന്ന് കിട്ടിയ പത്തുപവൻ്റെ സ്വർണമാല തിരികെയേൽപ്പിച്ച് ഹരിതകർമ്മ സേനാംഗങ്ങൾ,പ്രശംസിച്ച് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം ബി രാജേഷ്.

തിരുവനന്തപുരം: മാലിന്യത്തിൽ നിന്ന് കിട്ടിയ പത്തുപവൻ്റെ സ്വർണമാല ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച ഹരിതകർമ്മ സേനാംഗങ്ങളെ പ്രശംസിച്ച് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്തെ ഹരിതകർമ്മ സേനാംഗങ്ങള്‍ക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവർത്തനമാണ് എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങളായ രാധാകൃഷ്ണനും ഷൈബാ ബിജുവും കാഴ്ചവെച്ചതെന്ന് മന്ത്രി പറഞ്ഞു.

ഹരിതകർമ്മ സേനാംഗങ്ങളായ രാധാ കൃഷ്ണനും ഷൈബാ ബിജുവും വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം തരംതിരിക്കുന്നതിനിടയിൽ പത്ത് പവന്റെ സ്വർണമാല മാലിന്യത്തിൽ നിന്ന് കിട്ടുകയായിരുന്നു.ആ സ്വർണം സ്വന്തമാക്കാനല്ല, ഉടമസ്ഥന്‌ തിരിച്ചുകൊടുക്കാനായി പിന്നീടുള്ള ശ്രമം. ഏകദേശ ധാരണ വെച്ച്, അന്വേഷിച്ചുപോയി യഥാർഥ ഉടമയെ കണ്ടെത്തി മാല കൈമാറുകയായിരുന്നു.

നമ്മുടെ മാലിന്യം ശേഖരിച്ച് സംസ്കരിച്ച് നാടിനെ രക്ഷിക്കുന്ന ഹരിതർമ്മ സേനാംഗങ്ങൾ സത്യസന്ധത കൊണ്ടുകൂടി ശ്രദ്ധേയരാകുകയാണ്.കാസർഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിൽ മാലിന്യത്തിൽ നിന്ന് ലഭിച്ച അരലക്ഷം രൂപ തിരികെ നൽകിയ ഹരിതകർമ്മസേനാംഗങ്ങളായ സി സുശീലയെയും പി വി ഭവാനിയെയും മുൻപ് പരിചയപ്പെടുത്തിയിരുന്നു.

സംസ്ഥാനത്തെ ഹരിതകർമ്മ സേനാംഗങ്ങള്‍ക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവർത്തനമാണ് എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങളായ രാധാകൃഷ്ണനും ഷൈബാ ബിജുവും കാഴ്ചവെച്ചത്. പത്തരമാറ്റ്‌ തിളക്കമുള്ള നിങ്ങളുടെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്, തദ്ദേശ സ്വയം ഭരണ വകുപ്പിനും സർക്കാരിനും വേണ്ടി ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നുവെന്ന് മന്ത്രി കുറിപ്പിലൂടെ വ്യക്തമാക്കി.