സുരക്ഷാവീഴ്ച; വേദിയിൽ ഓടിക്കയറി മന്ത്രിയെ കെട്ടിപ്പിടിച്ചയാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ സുരക്ഷാ വീഴ്ച. മ്യൂസിയം വളപ്പിൽ രാജാ രവിവർമ ആർട് ഗാലറി ഉദ്ഘാടന ചടങ്ങിലാണ് സംഭവം. മുഖ്യമന്ത്രി പ്രസംഗിച്ചു വേദിയിൽ നിന്ന് ഇറങ്ങിയ ഉടന്‍ പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാൻ എന്നയാള്‍ വേദിയിലേക്ക് ഓടി കയറി. ഈ സമയം മുഖ്യമന്ത്രി വേദിക്ക് താഴെ എത്തിയതോടെ വേദിയിലിരുന്ന മന്ത്രി അഹമ്മദ് ദേവർകോവിലിനെ ഇയാള്‍ ആലിംഗനം ചെയ്തു.

അയൂബിന്‍റെ പെട്ടന്നുള്ള പ്രവൃത്തിയില്‍ മന്ത്രി അഹമ്മദ് ദേവർകോവില്‍ പരിഭ്രാന്തനായി. സംഭവ സമയം മന്ത്രി ജെ. ചിഞ്ചുറാണിയും വി.കെ പ്രശാന്ത് എംഎല്‍എയും മന്ത്രിക്ക് സമീപത്തുണ്ടായിരുന്നു.വേദിയിൽ നിന്ന് ഇയാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയെയും മന്ത്രിമാരേയും അഭിനന്ദിക്കാനാണ് വേദിയിൽ കയറിയതെന്നാണ് അയൂബ് പോലീസിനോട് പറഞ്ഞത്. ഇയാൾക്ക് മാനസിക പ്രശ്നം ഉള്ളതായും ബന്ധുക്കളെ അറിയിച്ചതായും പോലീസ് പറഞ്ഞു.