റോം: പിതാവ് ഡോൺ സിക്കിയോയെ അടക്കം ചെയ്ത കുടുംബക്കല്ലറയിൽ അന്തരിച്ച ഇറ്റാലിയൻ മാഫിയ തലവൻ മാറ്റിയോ മെസിന ഡെനാരോയുടെ സംസ്കാരം നടക്കും.വിദേശമാധ്യമങ്ങൾ വ്യക്തമാക്കി.സെൻട്രൽ ഇറ്റലിയിലെ സ്വകാര്യ ആശുപത്രിയിൽ അർബുദത്തിന് ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ചയാണ് ഡെനാരോ അന്തരിച്ചത്.
തനിക്കെതിരായ കേസിലെ സാക്ഷിയുടെ 12 വയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതടക്കുമുള്ള നൂറുകണക്കിന് കേസുകളാണ് ഡെനാരോയ്ക്ക് എതിരെയുള്ളത്.1992ൽ പ്രോസിക്യൂട്ടർമാരായ ജിയോവാനി ഫാൽക്കണിന്റെയും പൗലോ ബോർസെല്ലിനോയുടെയും കൊലപാതകങ്ങൾ ആസൂത്രണം ചെയ്തത് ഡെനാരോ ആയിരുന്നു.1993ൽ10 പേരുടെ മരണത്തിനിടയാക്കിയ റോം, ഫ്ലോറൻസ്, മിലാൻ എന്നിവടങ്ങളിലെ സ്ഫോടന പരമ്പരയുടെ പിന്നിലും ബോംബാക്രമണങ്ങൾക്ക് പിന്നിലും ഡെനാരോ ആയിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തമാണ് കോടതി വിധിച്ചത്.1993 മുതലാണ് ഇയാൾ ഒളിവിൽ പോയത്. ഒളിവിൽ പോകുമ്പോൾ ഇറ്റലിയിലെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഒന്നാമനായിരുന്നു ഡെനാരോ.വിവിധ കേസുകളിലായി ആറ് ജീവപര്യന്തങ്ങൾ വിധിച്ചെങ്കിലും ഡെനാരോയെ പിടികൂടാൻ പോലീസിനായില്ല. ഒളിവിൽ കഴിയുമ്പോഴും വിവിധ ക്രിമിനൽ സംഘങ്ങളെ നിയന്ത്രിച്ചിരുന്നത് ഡെനാരോയായിരുന്നു.
കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന് കടത്ത് എന്നീ കേസുകളാണ് കൂടുതലായും ഇയാൾക്കെതിരെയുണ്ടായിരുന്നത്. താൻ കൊന്നവരുടെ കണക്കെടുത്താൽ ഒരു സെമിത്തേരി നിറയ്ക്കാൻ കഴിയുമെന്ന് ഡെനാരോ പറഞ്ഞിരുന്നു.ഇറ്റാലിയൻ മാധ്യമങ്ങൾ ദി ലാസ്റ്റ് ഗോഡ് ഫാദർ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.