അമേരിക്കയിൽ വിവിധ സ്ഥലങ്ങളിലുണ്ടായ വെടിവയ്പ്പിൽ 22 പേർ കൊല്ലപ്പെട്ടു.അറുപതോളം പേർക്ക് പരിക്കേറ്റു.ഒന്നിലേറെ സ്ഥലത്ത് വെടിവയ്പ്പുണ്ടായതായാണ് വിവരം. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് വ്യാപക വെടിവയ്പ്പുണ്ടായത്. ലെവിസ്റ്റണിലെ കായിക കേന്ദ്രത്തിൽ ഒരു ബോളിങ് അലിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പിന്നാലെ ഒരു ബാറിലും വാൾമാർട്ട് വിതരണ കേന്ദ്രത്തിലും വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മെയ്‌നിലെ ലൂയിസ്റ്റണിൽ ബുധനാഴ്ചയുണ്ടായ കൂട്ട വെടിവയ്പിൽ 22 പേരാണ് കൊല്ലപ്പെട്ടത്. മെയ്‌നിലെ ഏറ്റവും വലിയ നഗരമായ പോർട്ട്‌ലാൻഡിന് വടക്ക് 35 മൈൽ (56 കി.മീ) അകലെ ആൻഡ്രോസ്‌കോഗിൻ കൗണ്ടിയിലെ നഗരമാണ് ലൂയിസ്റ്റൺ. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.അക്രമിയുടേതെന്ന് സംശയിക്കുന്ന തോക്കേന്തിയ ഒരു യുവാവിന്റെ ചിത്രം അധികൃതർ പുറത്തുവിട്ടു.ഇയാളേക്കുറിച്ച് കാര്യമായ വിവരങ്ങൾ ലഭ്യമല്ല. അക്രമവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
പരിക്കേറ്റവരെ ചികിത്സയിൽ പ്രവേശിപ്പിച്ചതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.