വിയ്യൂർ ജയിലിൽ സംഘർഷം, കൊടി സുനിയും സംഘവും ജീവനക്കാരെ ആക്രമിച്ചു

തൃശൂര്‍: വിയ്യൂര്‍ സെൻട്രൽ ജയിലിലെ അതിസുരക്ഷാ ബ്ലോക്കിൽ തടവുകാർ ജീവനക്കാരെ ആക്രമിച്ചു.ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിൽ നാല് ജയിൽ ജീവനക്കാർക്കും ഒരു തടവുകാരനും പരിക്കേറ്റു. ടി പി ചന്ദ്രശേഖരൻ വധക്കേസിലുള്‍പ്പെടെ നിരവധി കേസിൽ പ്രതിയായ കൊടി സുനിയും കൂട്ടാളികളുമാണ് ജയില്‍ ജീവനക്കാരെ ആക്രമിച്ചത്. ജയിൽ ഓഫീസിൽ എത്തിയാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്.

ഉദ്യോഗസ്ഥരുടെ ജയില്‍ സന്ദര്‍ശനത്തിനിടെ ഞായറാഴ്ച രാവിലെ രണ്ട് തടവുകാര്‍ മട്ടൻ കൂടുതല്‍ അളവില്‍ വേണമെന്ന് ആവശ്യപ്പെട്ടു.മറ്റൊരു സംഘം തടവുകാർ ഷേവ് ചെയ്യാൻ ബ്ലേഡ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചു. ജയിൽ നിയമപ്രകാരം ബ്ലേഡ് അനുവദിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ഇതോടെ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ തുടങ്ങി. കുപ്പി ഗ്ലാസ് പൊട്ടിച്ച്‌ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അര്‍ജുൻദാസിന്റെ കഴുത്തില്‍ കുത്താൻ ശ്രമിച്ച തടവുകാരനെ തടുക്കാൻ ശ്രമിച്ചപ്പോള്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കും മര്‍ദ്ദനമേറ്റു.

തടവുകാര്‍ സംഘം ചേര്‍ന്ന് അടുക്കളയില്‍ പോയി പാചകത്തില്‍ സഹായിച്ചിരുന്ന തടവുകാരനെ അകാരണമായി മര്‍ദ്ദിച്ചു.തടവുകാർക്ക് വീട്ടിലേക്ക് വിളിക്കാൻ ഉപയോഗിക്കുന്ന ടെലഫോൺ തറയിൽ എറിഞ്ഞു തകർത്തു. കസേര, ക്‌ളോക്ക്, ഫയലുകള്‍, ഇന്‍റർ കോം ഉള്‍പ്പെടെ കണ്ണില്‍ കണ്ടതെല്ലാം തല്ലി തകർത്തു.കൂടുതൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെയാണ് കൊടിസുനിയെയും സംഘത്തെയും തിരിച്ചു സെല്ലിൽ കയറ്റിയത്. അക്രമത്തിൽ വിയ്യൂർ പൊലീസ് കേസെടുത്തു.