13 വയസ്സുകാരി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥന് അഞ്ച് വർഷം തടവ്

തിരുവനന്തപുരം : 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് അതിക്രമം നടത്തിയ പ്രതിക്ക് 5 വർഷം കഠിന തടവും 25,000 രൂപ പിഴയും കാട്ടാക്കട അതിവേഗ പോക്സോ കോടതി വിധിച്ചു.കാട്ടാക്കട പരുത്തിപ്പള്ളിയിൽ ഉണ്ണി എന്ന വിളിക്കുന്ന സുഭീഷിനെയാണ് (34) പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്. കൃത്യം നടക്കുന്ന സമയം പ്രതി മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു.

പിഴ ഒടുക്കിയില്ലങ്കിൽ ആറ് മാസം കൂടി അതികഠിന തടവ് അനുഭവിക്കണം.2016 ഏപ്രിൽ – മെയ് മാസത്തിനിടയ്ക്ക് സ്കൂൾ വേനൽ അവധി സമയത്താണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മാതാവ് നേരത്തെ മരിച്ച കുട്ടിയെ പിതാവ് ജോലിക്ക് പോകുന്ന സമയങ്ങളിൽ സമീപത്തെ ബന്ധു വീട്ടിൽ കൊണ്ട് നിർത്തുന്ന പതിവുണ്ടായിരുന്നു. ബന്ധുവീടിന്റെ വരാന്തയിൽ ഇരുന്ന പഠിച്ചു കൊണ്ടിരുന്ന കുട്ടിയെ പ്രതി പിന്നിലൂടെ വന്ന് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചതിനെ തുടർന്ന് വീട്ടുകാർ ഓടി വന്നപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു.

സംഭവം നടന്ന വിവരം പേടി കാരണം കുട്ടി ആരോടും പറഞ്ഞില്ല. അടുത്തുള്ള അംഗൻവാടിയിൽ ക്ലാസ് എടുക്കാൻ വന്ന ഡോക്ടറോട് കുട്ടി വിവരങ്ങൾ പറയുകയും ഡോക്ടർ ചൈൽഡ് ലൈനിൽ അറിയിക്കുകയും ചെയ്തു.  കേസ് എടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പൊതു സ്ഥലത്ത് വച്ച് അധ്യാപികയായ പെൺകുട്ടിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.