പത്തനംതിട്ട: കേരള മോട്ടോര്‍ വാഹനവകുപ്പ് റോബിൻ ബസ് വീണ്ടും പിടിച്ചെടുത്തു.വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് വൻ പോലീസ് സന്നാഹത്തോടെ റാന്നിയില്‍ വെച്ച് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് പിടിച്ചെടുത്തത്.ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധത്തിൽ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി പിടിച്ചെടുത്ത ബസ് പത്തനംതിട്ട പോലീസ് ക്യാംപിലേക്ക് മാറ്റി.
കോയമ്പത്തൂരില്‍ നിന്നും വ്യാഴാഴ്ച വൈകുന്നേരം പുറപ്പെട്ട വാഹനം പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എത്തുന്നതിന് ഏകദേശം 250 മീറ്റര്‍ മുന്‍പാണ് പിടിച്ചെടുത്തത്. ജില്ലാ അതിര്‍ത്തിയില്‍നിന്ന് തന്നെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസിനെ പിന്തുടർന്നിരുന്നു. പിന്നീട് ബസ് സ്റ്റാന്‍ഡിന് സമീപത്ത് എത്തിയതോടെ ബസ് പിടിച്ചെടുത്ത് സുരക്ഷിതമായ പാര്‍ക്കിങ്ങ് കണക്കിലെടുത്ത് പത്തനംതിട്ട എ.ആര്‍. ക്യാമ്പിലേക്ക് മാറ്റി.മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബന്‍ ബസിന് ലഭിച്ചിട്ടുള്ളതെന്നാണ് ഉദ്യോസ്ഥർ പറയുന്നത്.
പെർമിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുത്തിട്ടുണ്ട്. ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും മോട്ടർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. നിയമലംഘത്തിന് ആഹ്വാനം ചെയ്ത വ്ലോഗർമാർക്കെതിരെയും നടപടി എടുത്തേക്കും.ബസ് പിടിച്ചെടുക്കാന്‍ പാടില്ല എന്ന ഹൈക്കോടതി വിധിയുടെ ലംഘനമാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നതെന്നാണ് റോബിന്‍ ബസുമായി ബന്ധപ്പെട്ടവർ പറയുന്നത്.പക്ഷെ കോടതി വിധി തങ്ങള്‍ക്ക് അനുകൂലമാണെന്ന ഉടമ ഗിരീഷിന്‍റെ വാദം തെറ്റാണെന്നാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നല്‍കുന്ന വിശദീകരണം.