നവകേരള സദസ്സിൽ കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: നവകേരള സദസ്സിന്റെ ഭാ​ഗമായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷൻ. അഞ്ച് ദിവസത്തിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറി വി വേണുവിന് കമ്മീഷൻ നോട്ടീസ് അയച്ചു.

തലശ്ശേരിയിൽനിന്നു കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിലേക്കു പോകുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനാണ് കുട്ടികളെ ഒരു മണിക്കൂറോളം വെയിലത്ത് നിർത്തിയത്. ചമ്പാട് എൽപിഎസ്, ചോതാവൂർ ഹൈസ്കൂൾ, ചമ്പാട് വെസ്റ്റ് യുപിഎസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെയാണ് റോഡിൽ ഇറക്കി നിർത്തിയത്.

ഇതിന്റെ വിഡിയോ പുറത്തുവന്നതോടെ സംസ്ഥാന ബാലാവകാശ കമ്മീഷനും എബിവിപി ദേശീയ ബാലാവകാശ കമ്മീഷനും എംഎസ്എഫ് പരാതി നൽകിയിരുന്നു.കുട്ടികളെ ഒരു സ്‌കൂളില്‍ നിന്ന് ഒരു പ്രത്യേകസമയത്ത് ഇറക്കി നിര്‍ത്തുന്നത് ഒരു ഗുണകരമായ കാര്യമല്ല. അത് ആ നിലക്ക് ആവര്‍ത്തിക്കണമെന്നില്ലെന്നും കുട്ടികൾ തണലത്താണ് നിന്നത് എന്നും സംഭവത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു