എന്നും പലസ്തീൻ ജനതയ്ക്ക് വേണ്ടിയേ നിന്നിട്ടുള്ളു, ശശി തരൂര്‍

കോഴിക്കോട്: ​താൻ എപ്പോഴും പലസ്തീൻ ജനതക്കൊപ്പമാണെന്ന് കോൺഗ്രസ് കോഴിക്കോട്ട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ.ഇത് കോൺഗ്രസ് പാർട്ടിയുടെ നിലപാടാണെന്നും അത് തന്‍റെയും നിലപാടാണെന്നും തന്റെ പ്രസംഗം മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതാണെന്നും ശശി തരൂർ വ്യക്തമാക്കി.

“ഞാൻ പറയുന്ന കാര്യങ്ങൾ ഞാൻ കണ്ട കാര്യങ്ങളാണ്. ഈ വിഷയം എനിക്ക് ആരും പഠിപ്പിച്ചുതരേണ്ട ആവശ്യമില്ല.കഴിഞ്ഞ മാസം ഇതേ കടപ്പുറത്ത് മുസ്‌ലിം ലീഗിന്‍റെ പലസ്തീൻ റാലിയിൽ ഇവിടെ വന്ന് സംസാരിക്കാൻ അവസരം ലഭിച്ചു. ആ വേദിയിൽ ഞാൻ പറഞ്ഞു, ഈ വിഷയം ഒരു മുസ്ലിം വിഷയം മാത്രമല്ല, ജനിച്ച മണ്ണിൽ സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും സുരക്ഷയോടെയും ജീവിക്കാനുള്ള അവകാശം എല്ലാ മനുഷ്യനുമുള്ളതാണ്. സാധാരണക്കാരായ സ്ത്രീകളും കുട്ടികളും ബോംബാക്രമണത്തിൽ കൊല്ലപ്പെടുമ്പോൾ ഇത് മനുഷ്യത്വത്തിന്‍റെ പ്രശ്നമാണ്. അതുകൊണ്ടാണ് നമ്മൾ എല്ലാവരും ഇവിടെ കൂടിയിരിക്കുന്നത്.

അന്ന് ഞാൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചിലർ മനഃപൂർവമായ തെറ്റിദ്ധാരണ പ്രചരിപ്പിക്കാൻ ശ്രമിച്ചു. എന്‍റെ അന്നത്തെ 32 മിനിറ്റ് പ്രസംഗം ഇപ്പോഴും യുട്യൂബിൽ കാണാം. അപ്പോൾ പറഞ്ഞതും അതിന് മുമ്പ് പറഞ്ഞതും അതിന് ശേഷം പറഞ്ഞതും എപ്പോഴും പലസ്തീൻ ജനങ്ങൾക്കൊപ്പമാണെന്നാണ്. ഇത് കോൺഗ്രസ് പാർട്ടിയുടെ നിലപാടാണ്, അത് എന്‍റെയും നിലപാടാണ്” ശശി തരൂര്‍ പറഞ്ഞു.

മുസ്‌ലിം ലീഗ് നിലപാടുള്ള പാർട്ടിയാണ്. കോൺ​ഗ്രസ് ലീഗ് ബന്ധം വ​ളരെ ശക്തമായി മുന്നോട്ട്​ പോകും.നിലപാടാണ് മുന്നണി ബന്ധത്തെ ശക്തിപ്പെടുത്തുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പല പ്രതിസന്ധികളും ഉണ്ടായിട്ടുണ്ട്. ​പ്രതിസന്ധികൾ വന്ന് ഭൂമി കുലുങ്ങിയിട്ടുണ്ട്. അപ്പോൾ ഒന്നും മാറ്റത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. ഇന്ത്യയിൽ മതേതരത്വത്തി​ന്റെ വെന്നിക്കൊടി പാറിക്കണമെങ്കിൽ കോൺഗ്രസിനല്ലാതെ മറ്റൊന്നിനും കഴിയില്ലെന്നും ജീവിതം ​തന്നെ യു‌ഡിഎഫി​ന് വേണ്ടി ​ഉഴിഞ്ഞുവെച്ചതാണെന്നും പി കെ കുഞ്ഞാലിക്കുട്ടിയും  പറഞ്ഞു.