ദുബായ് : ദുബായ് മെട്രോയുടെ 30 കിലോമീറ്റര്‍ വിപുലീകരണമായ ദുബായ് മെട്രോ ബ്ലൂ ലൈന്‍ പദ്ധതിക്ക് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം അനുമതി നല്കി.ആകെയുള്ള 30 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 15.5 കിലോമീറ്റര്‍ ഭൂഗർഭ പാതയായിരിക്കും. ശേഷിക്കുന്ന 14.5 കിലോമീറ്റര്‍ എലിവേറ്റഡ് റെയില്‍പാതയായിരിക്കും.പദ്ധതി പൂര്‍ത്തിയായാല്‍ പത്ത് ലക്ഷമാളുകള്‍ക്ക് അത് ഗുണം ചെയ്യും.18 ബില്ല്യണ്‍ ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
2029-ല്‍ പദ്ധതി പ്രവര്‍ത്തനമാരംഭിക്കും.ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ദുബായ് ക്രീക്ക് ഹാര്‍ബര്‍, ഇന്റര്‍നാഷണല്‍ സിറ്റി, അല്‍ റാഷിദിയ, അല്‍ വര്‍ഖ, മിര്‍ദിഫ്, ദുബായ് സിലികോണ്‍ ഓയാസിസ്, അക്കാദമിക് സിറ്റി തുടങ്ങിയവയെല്ലാം ബ്ലൂ ലൈന്‍ പദ്ധതി കടന്നുപോകുന്നതിന് സമീപത്തായിസ്ഥിതി ചെയ്യുന്നു.ബ്ലൂ ലൈന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ദുബായ് മെട്രോയുടെ ദൈര്‍ഘ്യം 131 കിലോമീറ്ററാകും. 2009-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ദുബായ് മെട്രോ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവര്‍രഹിത മെട്രോ ശൃംഖലയാണ്. 78 സ്റ്റേഷനുകളിലായി 168 ട്രെയ്നുകളാണ് പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
ബ്ലൂ ലൈനിന് കീഴില്‍ 14 സ്റ്റേഷനുകളാണ് ഉണ്ടാകുക.ഏഴെണ്ണം എലവേറ്റഡ് ആയിരിക്കും. അഞ്ച് സ്റ്റേഷനുകളാണ് ഭൂമിക്ക് അടിയിലൂടെയായിരിക്കും. ഇവ കൂടാതെ രണ്ട് എലവേറ്റഡ് ട്രാന്‍സ്ഫര്‍ സ്റ്റേഷനുകളും ഉണ്ടായിരിക്കും. ഇവ നിലവിലെ സെന്റര്പോയിന്റെ സ്റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കും.പദ്ധതി പൂര്‍ത്തിയാകുന്നതോടെ ദുബായ് ക്രീക്ക് മുറിച്ചു കടക്കുന്ന ആദ്യ ട്രെയ്നുകളാണ് ബ്ലൂലൈനിന്റേത്. ഗ്രീന്‍ ലൈനിന്റെ തെക്കുഭാഗത്തുള്ള ടെര്‍മിനലില്‍ നിന്ന് തുടങ്ങുന്ന പാത ദുബായ് ഫെസ്റ്റിവല്‍ സിറ്റിയും ദുബായ് ക്രീക്ക് ഹാര്‍ബറും കടന്നുപോകും. ഇന്റര്‍നാഷണല്‍ സിറ്റി മേഖലയില്‍ 44,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഏറ്റവും വിപുലമായ ഭൂഗര്‍ഭ സ്റ്റേഷനും ഇതിന് ഉണ്ടാകും. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ നിര്‍മാണ ശൈലിയാണ് ബ്ലൂ ലൈനിനായി ആവിഷ്കരിച്ചിരിക്കുന്നത്.