ഭോപ്പാല്‍: മധ്യപ്രദേശിലെ ഉമാരിയ ജില്ലയിലെ ബാന്ധവ്ഗഡ് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള ധാമോഖര്‍ ബഫര്‍ സോണ്‍ മേഖലയിലാണ് സംഭവം.ഉമാരിയയിലെ ധാവഡ കോളനിയില്‍ നിന്നുള്ള കമലേഷ് സിങ്ങിന് കടുവയിൽ നിന്ന് രക്ഷപെടാൻ ഒരു രാത്രി മുഴുവന്‍ മരത്തിന് മുകളില്‍ കഴിയേണ്ടി വന്നു. കടുവയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു കമലേഷ്.
ഉമാരിയയിലേക്കുള്ള യാത്രക്കിടെ സന്ധ്യയോട് അടുത്ത് കാടിനു നടുവില്‍വെച്ചാണ് കാട്ടുപന്നികളെ പിന്തുടരുന്ന കടുവയെ കമലേഷ് കണ്ടത്.ക. മലേഷിനെ കണ്ടതും കാട്ടുപന്നികളെ വിട്ട് കടുവ കമലേഷിനു പിന്നാലെ പാഞ്ഞു.പ്രാണരക്ഷാര്‍ഥം ഓടിയൊളിക്കാന്‍ ശ്രമിച്ച കമലേഷിനെ കടുവ പിന്തുടർന്നു.ആക്രമണത്തില്‍ കടുവയുടെ നഖം കൊണ്ട് പരിക്കു പറ്റിയ കമലേഷ് ഓട്ടത്തിനിടയിൽ അടുത്തു കണ്ട മരത്തില്‍ കയറി ഒളിച്ചു.താഴെയിറങ്ങിയാല്‍ കടുവ വീണ്ടും പിടികൂടാൻ സാധ്യതയുള്ളതിനാല്‍ രാത്രി മുഴുവന്‍ കമലേഷ് മരത്തില്‍ തന്നെ തുടര്‍ന്നു.
യുവാവ് താഴെ ഇറങ്ങുന്നതും നോക്കി ആ രാത്രി മുഴുവനും താഴെ കാവൽ നിന്നു കടുവ.രാത്രിയായതോടെ കാടിനുള്ളിലൂടെ ആരും പോകാന്‍ സാധ്യതയില്ലാത്തതിനാല്‍ സഹായം ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. നേരം പുലര്‍ന്നതിനുശേഷവും മരത്തിനു മുകളിലിരുന്ന് സഹായത്തിനായി കമലേഷ് ഏറെ ഒച്ചവെച്ചെങ്കിലും ആരും അത് കേട്ടില്ല.കമലേഷിന്റെ ഗ്രാമമായ ഘാഘദര്‍, ധാമോകര്‍ ബഫര്‍ സോണിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ മിക്കപ്പോഴും മനുഷ്യരും വന്യമൃഗങ്ങളും തമ്മിൽ ഏറ്റുമുട്ടാറുണ്ട്.
കമലേഷിനെ കാണാത്തതിനാൽ രാവിലെ ഗ്രാമവാസികള്‍ നടത്തിയ തെരച്ചിലിലാണ് അയാളെ മരത്തിനു മുകളിൽ കണ്ടെത്തിയത്. കാലിന്റെ തുടയില്‍ കടുവയുടെ നഖം കൊണ്ട് മുറിവ് ഉണ്ടായതിനാൽ കമലേഷിനെ ഉടന്‍ തന്നെ മരത്തിനു മുകളില്‍ നിന്ന് ഇറക്കി വേഗം വൈദ്യസഹായം ഉറപ്പാക്കി.