ന്യൂഡൽഹി: എന്ത് വിലകൊടുത്തും പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു.പൗരത്വ നിയമം രാജ്യത്തിന്റെ നിയമമാണെന്നും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ എന്ത് വില കൊടുത്തും അത് നടപ്പാക്കുമെന്നും മെഗാ റാലിയിൽ അമിത് ഷാ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിന്റെ കരട് മാർച്ച് അവസാനത്തോടെ പുറത്തിറക്കുമെന്നും ഇതിന്റെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര പറഞ്ഞു. യുപിയിൽ മതുവ സമുദായത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് യുപിയിലെ ബിജെപി എംപി കൂടിയായ മിശ്ര ഇക്കാര്യം തുറന്നു പറഞ്ഞത്.
മമതയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ പ്രീണന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നതെന്നും അമിത് ഷാ വിമർശിച്ചു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ എത്തിക്കണമെന്നും ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടർ കാർഡുകളും ആധാർ കാർഡുകളും പരസ്യമായും അനധികൃതമായും സംസ്ഥാനത്ത് വിതരണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് മാത്രമാണ് ബിജെപിക്ക് പൗരത്വ നിയമത്തിന്റെ കാര്യവും മതുവായേക്കുറിച്ചും ഓർമവരികയൊള്ളുവെന്ന് തൃണമൂൽ കോൺഗ്രസിന്റെ എംപിയായ ശാന്തനു സെൻ അമിത്ഷായെ വിമർശിച്ച് രംഗത്തുവന്നു.