ചെന്നൈ: തമിഴ്നാട്ടിൽ ഐടി ജീവനക്കാരിയായ യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ ട്രാൻസ്ജെൻഡർ അറസ്റ്റിൽ.മധുര സ്വദേശിനി ആർ.നന്ദിനി (27) യാണ് കൊല്ലപ്പെട്ടത്. നന്ദിനിയെ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച ശേഷം അതിക്രൂരമായി മഹേശ്വരിയെന്ന വെട്രിമാരൻ കൊലപ്പെടുത്തിയത്.
ശനിയാഴ്ച വൈകിട്ടോടെ തലമ്പൂരിനടുത്ത് പൊൻമാറിലെ ആളൊഴിഞ്ഞ പ്രദേശത്തുവെച്ചായിരുന്നു കൊലപാതകം നടന്നത്. ബ്‌ളേഡ് ഉപയോഗിച്ച് രണ്ട് കൈകളിലും കാലുകളിലും കഴുത്തിലും ആഴത്തിൽ മുറിവേൽപ്പിച്ച ശേഷമായിരുന്നു പ്രതി നന്ദിനിയെ ജീവനോടെ കത്തിച്ചത്.ശനിയാഴ്ച രാത്രി ആളൊഴിഞ്ഞ പ്രദേശത്ത് നിന്നും ഗുരുതരമായി പൊള്ളലേറ്റ നിലയിൽ നന്ദിനിയെ കണ്ടെത്തിയ പരിസരവാസികൾ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മഹേശ്വരിയും നന്ദിനിയും മധുരയിൽ ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. ഇരുവരും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നു.തുടർ പഠനത്തിനായി നന്ദിനി സ്കൂൾ മാറി മറ്റൊരിടത്തേക്ക് പോയി. ഇതിനിടെ മഹേശ്വരി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി വെട്രിമാരാനായി. കഴിഞ്ഞ 8 മാസമായി ഒരു ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ഇരുവരും തമ്മിൽ വഴക്കുകളുണ്ടായിരുന്നു.നന്ദിനി മറ്റ് പുരുഷ സുഹൃത്തുക്കളുമായി സംസാരിക്കുന്നത് വെട്രിമാരന് തീരെ ഇഷ്ടമില്ല. കുറച്ചുനാളായി നന്ദിനി വെട്രിമാരനുമായി സംസാരിച്ചിരുന്നില്ല. മറ്റൊരു യുവാവിനൊപ്പം നന്ദിനിയെ കണ്ടതോടെ മഹേശ്വരിയെന്ന വെട്രിമാരൻ നന്ദിനിയെ കൊലപ്പെടുത്താൻ തീരുമാനിച്ചു.
നന്ദിനിയുടെ ജന്മദിനത്തിന്റെ തലേന്ന് ശനിയാഴ്ച ഒരിക്കൽ കൂടി കാണണമെന്നും ഒരു സർപ്രൈസ് സമ്മാനമുണ്ടെന്നും പറഞ്ഞാണ് വെട്രിമാരൻ നന്ദിനിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചുവരുത്തിയത്. സമ്മാനം നൽകാനെന്ന വ്യാജേന കൈകൾ കെട്ടിയിട്ട ശേഷം പ്രതി ക്രൂരമായി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു.കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് വ്യക്തമാക്കി.