ആവശ്യമില്ലാത്ത പോസ്റ്റുകൾ ഇനി കെഎസ്ആർടിസിയിൽ വേണ്ട,മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം : ആവശ്യമില്ലാത്ത പോസ്റ്റുകൾ ഇനി കെഎസ്ആർടിസിയിൽ ഇല്ലെന്ന് മന്ത്രി ഗണേഷ് കുമാർ. ആവശ്യമില്ലാത്ത പോസ്റ്റുകൾ ഇനി ഉണ്ടാകില്ല. സിവിൽ വിങ് ഇനി വേണ്ടെന്നാണ് തീരുമാനം. കെഎസ്ആർടിസിയുടെ വർക്കുകൾ പിഡബ്ല്യുഡി ബിൽഡിങ്സ് വിഭാഗം ചെയ്യും. കെഎസ്ആർടിസിയിൽ മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ചവരാണ് സിവിൽ വിഭാഗം കൈകാര്യം ചെയ്യുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.

“സ്ഥാപനം പ്രവർത്തനം നിലച്ചാൽ ജീവനക്കാരെല്ലാവരും പട്ടിണി സമരം നടത്തും. രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരുമെല്ലാം വന്ന് സംസാരിക്കും, ഐക്യദാർഢ്യം പ്രഖ്യാപിക്കും. ഒരു മാസമൊക്കെ എത്തുന്നതോടെ അവരെല്ലാം പിൻവാങ്ങും. പിന്നീട് നിങ്ങൾ മാത്രമാകും. ഇതിനിടയിൽ സ്വകാര്യ ബസ്സുകൾ രംഗത്തിറങ്ങും. അതിൽ യാത്ര ചെയ്യുന്നവർ നിങ്ങളെ നോക്കി ചിരിക്കും. കുറച്ചു കഴിഞ്ഞാൽ നിങ്ങളെ നോക്കുന്നതും യാത്രക്കാർ നിർത്തും. ഇതാണ് ലോകം.” ഗണേഷ് കുമാർ പറഞ്ഞു.

ഡ്രൈവറും കണ്ടക്ടറും ആവശ്യത്തിന് വിശ്രമിച്ച് ജോലിയെടുത്താൽ മതി. താൻ 2005ൽ മന്ത്രിയായിരുന്ന കാലത്ത് സമയത്തിന് പെൻഷൻ കൊടുത്തിരുന്നു. കൃത്യം അഞ്ചാംതിയ്യതിക്കുള്ളിൽ പെൻഷൻ നൽകാൻ തുടങ്ങി. വരമ്പത്ത് കൂലി കൊടുക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി. ചെലവ് കുറയ്ക്കുന്ന ഡിപ്പോകൾക്ക് സമ്മാനം ഏർപ്പാടാക്കും.വൈദ്യുതി, വെള്ളം തുടങ്ങിയവയെല്ലാം ലാഭിക്കണം.ചെലവ് ഏറ്റവും കുറയ്ക്കുന്ന ഡിപ്പോകൾക്ക് മന്ത്രിക്കൊപ്പം ഡിന്നർ കഴിക്കാൻ അവസരം ലഭിക്കും. കാഷ് പ്രൈസ് അടക്കമുള്ള സമ്മാനങ്ങളും ലഭിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.