വീട്ടു ജോലിക്കു വരും,മയക്കു മരുന്ന് നൽകും,ഉള്ളതെല്ലാം അടിച്ചുമാറ്റി മുങ്ങും

തിരുവനന്തപുരം: നേപ്പാൾ സ്വദേശിയായ വീട്ടുജോലിക്കാരി സോഖില വീട്ടമ്മയെയും മരുമകളെയും ഹോം നഴ്സിനെയും ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തി അവശരാക്കിയശേഷം കൂട്ടാളികളായ നാലംഗ സംഘത്തെ വിളിച്ചു വരുത്തി 35,000 രൂപയും സ്വർണാഭരണങ്ങളും കവർന്നു. ഇലകമൺ ഹരിഹരപുരം ലൈം വില്ലയിൽ ശ്രീദേവിയമ്മ(74), മരുമകൾ കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസ്എസ് പ്രിൻസിപ്പൽ ദീപ (45), ശ്രീദേവിയമ്മയെ പരിചരിക്കുന്ന ഹോം നഴ്സ് വെഞ്ഞാറമൂട് സ്വദേശിനി സിന്ധു (40) എന്നിവരെയാണ് ലഹരി മരുന്ന് ഭക്ഷണത്തിൽ കലർത്തി നൽകി മയക്കിയത്.

വീട്ടുകാരെല്ലാം ലഹരി ബാധിച്ച് ഉറക്കമായെന്ന് ഉറപ്പാക്കിയശേഷം സോഖില നാലംഗ സംഘത്തെ വീട്ടിലേക്കു വിളിച്ചു വരുത്തി. ഒരു ബാഗിൽ സ്വർണവും പണവും നിറച്ച് രക്ഷപ്പെടാനായിരുന്നു ലക്ഷ്യമിട്ടത്.ശ്രീദേവിയമ്മയുടെ ബെംഗളൂരുവിൽ ജോലി ചെയ്യുന്ന മകൻ രാജീവ് വീട്ടിലേക്കു ഫോൺ ചെയ്തപ്പോൾ ഭാര്യ ദീപ ഉൾപ്പെടെ ആരും ഫോൺ എടുക്കാത്തതാണ് പ്രതികളെ കുരുക്കിയത്. രാജീവ് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ശ്രീദേവിയമ്മയുടെ വീട്ടിലെത്തിയപ്പോൾ മുൻ ഗേറ്റും വീടിന്റെ വാതിലും തുറന്ന നിലയിലായിരുന്നു.

വീട്ടിനുള്ളിലും പരിസരത്തും ആരോ ഓടുന്നതായി മനസ്സിലാക്കിയ ബന്ധു സമീപവാസികളെ വിളിച്ചുകൂട്ടി. വീടിനുള്ളിൽ കയറി നോക്കിയപ്പോൾ ശ്രീദേവിയമ്മ, ദീപ, സിന്ധു എന്നിവർ അബോധാവസ്ഥയിലായിരുന്നു.ഈ സമയം ജനാർദ്ദന ഉപാധ്യായ വീടിന്റെ പിന്നിലെ മതിൽ ചാടുന്നതായി ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇയാളെ പിന്തുടർന്നു.ഉയരമുള്ള മതിലിൽ നിന്ന് ചാടുന്നതിനിടെ കമ്പിയിൽ കാൽ കുരുങ്ങി കാലൊടിഞ്ഞ പ്രതിയെ അയിരൂർ പോലീസിനു കൈമാറി. മോഷ്ടിച്ച പണവും സ്വർണവും അടങ്ങിയ ബാഗ് പരിസരത്ത് നിന്ന് പോലീസ് കണ്ടെടുത്തു.രക്ഷപ്പെട്ട പ്രതി രാംകുമാറിനെ പുലർച്ചെയോടെ പരിസരത്ത് നിന്ന് തന്നെ നാട്ടുകാർ പിടികൂടി.

സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ജനാർദന ഉപാധ്യായ (42), രാംകുമാർ (42) എന്നിവർ അറസ്റ്റിലായി.വീട്ടുജോലിക്കാരി സോഖില ഉൾപ്പെടെ മൂന്നു പേർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.