തിരുവനന്തപുരം: ഇത്തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് താൻതന്നെ സ്ഥാനാർഥിയാകുമെന്ന് ശശി തരൂർ എംപി. മത്സരത്തിന് മനസ്സുകൊണ്ട് താൻ തയ്യാറായിട്ടുണ്ടെന്നും പാർട്ടിയുടെ തീരുമാനം വരുമ്പോൾ അങ്ങനെ തന്നെ ആയിരിക്കുമെന്നും ശശി തരൂർ. തിരുവനന്തപുരത്തു മറ്റൊരു പേര് പാർട്ടിയ്ക്ക് മുന്നിൽ ഇല്ലല്ലോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തരൂർ.
എന്തായാലും ഞാൻ മനസ്സുകൊണ്ട് തയ്യാറായിട്ടുണ്ട്. ഞാൻ എന്തായാലും ഇവിടെ എംപി ആയിട്ടുണ്ട്. ജനങ്ങളെ കാണുന്നുണ്ട്. ഓരോദിവസവും ഏഴെട്ട് ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ചിലയിടത്തൊക്കെ ചുവരുകൾ ബുക്ക് ചെയ്തിട്ടുണ്ട്.സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് കഴിഞ്ഞാൽ അവ ഉപയോഗിക്കും.സംസ്ഥാനത്ത് കഴിഞ്ഞതവണ 19 സീറ്റാണ് കിട്ടിയതെങ്കിൽ ഇത്തവണ 20 സീറ്റും കിട്ടാൻ സാധ്യതയുണ്ടെന്നും തരൂർ പറഞ്ഞു.
ഡൽഹിയിൽ ഭരണമാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വലിയ ഭൂരിപക്ഷം നൽകി കോൺഗ്രസ് എംപിമാരെ ഡൽഹിയിൽ അയക്കണം. പ്രഖ്യാപനത്തിന് മുൻപ് പ്രചാരണത്തിനിറങ്ങുക ബുദ്ധിമുട്ടാണെന്നും തരൂർ പറഞ്ഞു.