പാലക്കാട്: കഞ്ചാവ് തോട്ടം തിരഞ്ഞ് വനത്തിനുള്ളിലേക്ക് പോയി പാലക്കാട് അഗളിയിൽ കൊടും കാട്ടിൽ കുടുങ്ങിയ 14 അംഗ പൊലീസ് സംഘത്തെ പ്രത്യേക റെസ്ക്യൂ സംഘം പുറത്തെത്തിച്ചു. കഞ്ചാവ് തോട്ടം തെരഞ്ഞ് വനത്തിലെത്തിയ അഗളി ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനു വഴി തെറ്റുകയായിരുന്നു.
.ഭക്ഷണം ഉൾപ്പടെയുള്ള സാധനങ്ങളുമായി പൊലീസ് സംഘം തിങ്കളാഴ്ച വൈകിട്ടോടെയാണ് പൊലീസ് സംഘം വനത്തിലേക്ക് പോയത്. മുക്കാലി ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാരും ആന്റി നക്സല്‍ സ്ക്വാഡ് ഉള്‍പ്പെടെ 14 പേരുമാണ് സംഘത്തിലുള്ളത്.വൻതോതിൽ കഞ്ചാവ് കൃഷിയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് സംഘം വനത്തിലേക്ക് പോയത്.
മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള ഈ പ്രദേശത്ത് മാവോയിസ്റ്റുകൾക്കായി ഇടയ്ക്കിടെ പോലീസ് തെരച്ചിൽ നടത്താറുണ്ട്.പൊലീസ് ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നും ആർക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.